കപ്പടിക്കണം... ഇവാന്‍ വുകോമാനോവിച്ച്​ 2025 വരെ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം

കൊച്ചി: മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്‍റെ കരാര്‍ മൂന്നുവര്‍ഷത്തേക്ക് കൂടി നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. 2025 വരെ ഇവാന്‍ ടീമിനൊപ്പം തുടരും. ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതുമുതല്‍, ക്ലബിന്റെ കളിശൈലിയില്‍ കാര്യമായ പരിവര്‍ത്തനമാണ് ഇവാന്‍ ചെലുത്തിയത്. ടീമിനെ മൂന്നാം ഐ.എസ്.എല്‍ ഫൈനലിലേക്ക് നയിച്ചതിന് പുറമെ, സീസണില്‍ പ്രധാനപ്പെട്ട ക്ലബ് റെക്കോര്‍ഡുകളുടെ ഒരു നിരതന്നെ സൃഷ്ടിച്ചു.

10 മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ക്ലബ് ചരിത്രത്തിലാദ്യമായി ഐ.എസ്​.എല്ലിൽ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് ടേബിളില്‍ ഏറ്റവും മുന്നിലെത്തി. നിരവധി ഇന്ത്യന്‍ താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുകയും യുവതാരങ്ങള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍, ഏറ്റവും കൂടുതല്‍ പോയന്റ്​, ഏറ്റവും കൂടുതല്‍ വിജയം, ഏറ്റവും കുറഞ്ഞ തോല്‍വി എന്നിങ്ങനെ ക്ലബ്​ നേട്ടം കൈവരിച്ചു.

''കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടുംകൂടി തുടരാനുള്ള മികച്ച അവസരമാണ് നമുക്കുള്ളത്. കരാര്‍ നീട്ടുന്നതില്‍ ഏറെ തൃപ്തനും സന്തുഷ്ടനാണ്. അടുത്ത സീസണുകളില്‍ മികച്ചവരാകാന്‍ കൂടുതല്‍ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -സെർബിയക്കാരനായ ഇവാന്‍ വുകോമാനോവിച്ച് പറഞ്ഞു.

''ഇവാൻ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഇപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഈ വിപുലീകരണത്തിലൂടെ എല്ലാ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും അഭിനന്ദിക്കുന്നു'' -ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.



Tags:    
News Summary - Ivan Vukomanovic with the Blasters until 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.