സിഡ്നി/ഷാർജ: ജപ്പാനും സൗദി അറേബ്യയും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ഇതോടെ ഏഷ്യയിൽനിന്ന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ എണ്ണം നാലായി. ഇറാനും ദക്ഷിണ കൊറിയയും നേരത്തേ യോഗ്യത ഉറപ്പാക്കിയിരുന്നു.
ആതിഥേയരായ ഖത്തറിനെ കൂടാതെ, ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 16 ടീമുകളാണ്. യൂറോപ്പിൽനിന്ന് ബെൽജിയം, ക്രൊയേഷ്യ, ഡെന്മാർക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സെർബിയ, സ്‍പെയിൻ, സ്വിറ്റ്സർലൻഡ്, ദക്ഷിണ അമേരിക്കയിൽനിന്ന് ബ്രസീൽ, അർജന്റീന ടീമുകളാണ് ഖത്തർ ടിക്കറ്റ് സ്വന്തമാക്കിയ മറ്റു ടീമുകൾ.
ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് ബിയിൽ ആസ്ട്രേലിയയെ 2-0ത്തിന് തോൽപിച്ചാണ് ജപ്പാൻ മുന്നേറിയത്. ഇതോടെ സൗദിയും യോഗ്യത ഉറപ്പിച്ചു. ജപ്പാന് ഒമ്പത് കളികളിൽ 21ഉം സൗദിക്ക് എട്ടു മത്സരങ്ങളിൽ 19ഉം പോയന്റാണുള്ളത്. മൂന്നാമതുള്ള ആസ്ട്രേലിയക്ക് (15) അവസാന മത്സരം ജയിച്ചാലും ഇവരെ മറികടക്കാനാവില്ല. ഗ്രൂപ് എയിൽനിന്ന് ഇറാനും ദക്ഷിണ കൊറിയയും നേരത്തേ യോഗ്യത ഉറപ്പിച്ചിരുന്നു. ഇരുഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാർ തമ്മിൽ നടക്കുന്ന പ്ലേഓഫ് വിജയികൾക്ക് ദക്ഷിണ അമേരിക്കയിലെ അഞ്ചാം സ്ഥാനക്കാർക്കെതിരെ മത്സരിച്ച് യോഗ്യതക്ക് അവസരമുണ്ടാവും. ആസ്ട്രേലിയക്കെതിരെ അവസാന നിമിഷങ്ങളിൽ ഇരട്ട ഗോൾ നേടിയ പകരക്കാരൻ കറൗ തിറ്റോമയാണ് ജപ്പാന് ലോകകപ്പ് ടിക്കറ്റ് നൽകിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ജപ്പാൻ പല തവണ ഗോളിനടടുത്തെത്തിയെങ്കിലും ലിവർപൂൾ താരം തകൂമി മിനാമിനോ അടക്കമുള്ളവർ അവസരങ്ങൾ നഷ്ടമാക്കി. ഒടുവിൽ ബെഞ്ചിൽനിന്നെത്തിയ മിറ്റോമ രക്ഷകനായി അവതരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.