ദോഹ: ലോകകപ്പ് ഫുട്ബാളിൽ വമ്പന്മാർക്ക് മടക്ക ടിക്കറ്റ് നൽകിയ ജപ്പാനെ ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ വിറപ്പിച്ച് വിയറ്റ്നാമുകാർ. ഗ്രൂപ് ‘ഡി’യിലെ മത്സരത്തിൽ കളിയുടെ ആദ്യ പകുതിയിൽ ഇരു വലകളിലുമായി പിറന്നത് അഞ്ചു ഗോളുകൾ. ത്രസിപ്പിച്ച അങ്കത്തിനൊടുവിൽ 4-2ന്റെ ജയവുമായി കിരീടം തേടിയെത്തിയ സാമുറായ് പട കുതിപ്പു തുടങ്ങി.
നാടകീയമായിരുന്നു അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ 45 മിനിറ്റുകൾ. 11ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നെത്തിയ ഗോളവസരം ലക്ഷ്യത്തിലെത്തിച്ച് മൊണാകോ താരം തകുമി മിനാമിനോ ജപ്പാന് ആദ്യം ലീഡു നൽകി. എന്നാൽ, എതിരാളികളുടെ വലുപ്പം ഭയക്കാതെ പോരാടിയ വിയറ്റ്നാം അഞ്ചുമിനിറ്റിനുള്ളിൽ തന്നെ തിരിച്ചടിച്ചപ്പോൾ ഗാലറി ഞെട്ടി. കോർണർ കിക്കിലൂടെയെത്തിയ പന്ത് അതിശയകരമായൊരു ഡൈവിങ് ഹെഡറിലൂടെ ഡിൻ ബാക് എൻഗുയെ വില്ലുകണക്കെ പോസ്റ്റിലേക്ക് തിരിച്ചപ്പോൾ, ജപ്പാന്റെ പ്രതിരോധപ്പൂട്ടിനും ഗോളിക്കും നോക്കിനിൽക്കനേ കഴിഞ്ഞുള്ളൂ.
മിനിറ്റുകൾക്കുള്ളിൽ ലഭിച്ച തിരിച്ചടിയിൽ പതറിയ ജപ്പാന്റെ സെറ്റ്പീസ് പ്രതിരോധത്തിലെ പിഴവ് തുറക്കുന്ന ഗോളോടെ വിയറ്റ്നാം വീണ്ടും വിറപ്പിച്ചു. 33ാം മിനിറ്റിൽ, തായ് സൺ തൊടുത്ത ഫ്രീകിക്ക് സെക്കൻഡ് ടച്ചിൽ ബോക്സിനുള്ളിലേക്ക് നിറയൊഴിച്ച് തുവാൻ ഹായ് ഫാം വിയറ്റ്നാമിനായി രണ്ടാം ഗോളും നേടി. പതറിയ ജപ്പാന് നിലത്തുറക്കാൻ പിന്നെയും സമയം വേണ്ടിവന്നു.
പക്ഷേ, ഒന്നാം പകുതി പിരിയും മുമ്പേ ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളിലൂടെ കളിയിലേക്ക് തിരിച്ചുവരാനായത് ആശ്വാസം. 45ാം മിനിറ്റിൽ നായകൻ വതാരു എൻഡോ നൽകിയ ക്രോസ് വിയറ്റ്നാം പ്രതിരോധം തകർത്ത് തകുമി മിനാമിനോ വലയിലേക്ക് അയച്ചു. നാലാം മിനിറ്റിൽ മിനാമിനോ ഒരുക്കിയ അവസരം ഫ്രഞ്ച് ലീഗ് താരം കീറ്റോ നകാമുറ ഉജ്ജ്വലമായൊരു ലോങ് ഷോട്ടിൽ വലയിലെത്തിച്ച് 3-2ന്റെ ലീഡ് നൽകി. 85ാം മിനിറ്റിൽ അയാസെ ഉവേദയിലൂടെ ഗോളെണ്ണം നാലാക്കി ജപ്പാൻ വിജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.