ന്യൂയോർക്ക്: കളിയുടെ ഇഞ്ചുറി ടൈം ആറു മിനിറ്റു പിന്നിട്ടിരിക്കുന്നു. 96-ാം മിനിറ്റിലേക്കു നീണ്ട കളിയിൽ അവസാന വിസിലിന് നിമിഷങ്ങൾ മാത്രം. അപ്പോൾ സ്കോർ 2-2. ഈ സമയത്ത് വീണുകിട്ടുന്ന പെനാൽറ്റി കിക്കിന്റെ വിലയേറെയാണ്. വലയിലെത്തിച്ചാൽ ജയവും മൂന്നു പോയന്റും ഉറപ്പ്. ആ സമയത്ത് സാമാന്യബോധമുള്ള ഏതെങ്കിലും കളിക്കാരൻ 'കുട്ടിക്കളി'ക്ക് നിൽക്കുമോ?
നിൽക്കില്ലെന്നാകും ഉത്തരമെങ്കിലും അങ്ങനെയൊരു കുസൃതി നിറഞ്ഞ ഭാഗ്യപരീക്ഷണത്തിന് ഒരു കളിക്കാരൻ മുതിർന്നു. ആൾ ചില്ലറക്കാരനുമല്ല. മെക്സികോയുടെ സൂപ്പർതാരം ചിചാരിറ്റോ എന്ന് വിളിക്കുന്ന യാവിയർ ഹെർണാണ്ടസാണ് 96-ാം മിനിറ്റിലെ പെനാൽറ്റി വളരെ സില്ലിയായി എടുക്കുന്ന 'പനെൻക' രൂപത്തിൽ വലയിലെത്തിക്കാൻ മുതിർന്നത്. സ്പോർട്ടിങ് കൻസാസ് സിറ്റിക്കെതിരെ ലോസ് ആഞ്ചലസ് ഗാലക്സിയെ വിജയത്തിലെത്തിക്കാൻ കഴിയുമായിരുന്ന ആ പെനാൽറ്റി ചിചാരിറ്റോ നേരെ തട്ടിക്കൊടുത്തത് എതിർഗോളി ജോൺ പൾസ്കാമ്പിന്റെ കൈകളിലേക്ക്.
ജീവിതത്തിൽ നേരിട്ട 'ഏറ്റവും അനായാസകരമായ' പെനാൽറ്റി പൾസ്കാമ്പിന് നിന്നിടത്തുനിന്ന് ഒന്ന് അനങ്ങുക പോലും ചെയ്യാതെ കൈയിലൊതുക്കാൻ കഴിഞ്ഞു. ഫലം, ജയിക്കാമായിരുന്ന മത്സരത്തിൽ ഗാലക്സി സമനിലയിലൊതുങ്ങി.
ടീമിന് മാത്രമല്ല, ചിചാരിറ്റോക്ക് വ്യക്തിപരമായും ആ 'കുട്ടിക്കളി' നഷ്ടം വരുത്തി. ടീമിന്റെ രണ്ടുഗോളും നേടിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ മത്സരത്തിൽ ഹാട്രിക് സ്വന്തമായേനേ. 88-ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് തകർപ്പൻ ഷോട്ടിലൂടെ വല കുലുക്കി തന്റെ രണ്ടാം ഗോൾ നേടിയ താരമാണ് ഇഞ്ചുറി ടൈമിൽ അവസരം കളഞ്ഞുകുളിച്ചത്.
പെനാൽറ്റി മിസ്സായ ഉടൻ ഗാലറിയെ നോക്കി കൈകൂപ്പിയ ഹെർണാണ്ടസ്, മത്സരശേഷം തന്റെ പിഴവിന് ആരാധകരോട് മാപ്പപേക്ഷിച്ചു. ഈയിടെ ടൊറന്റോ എഫ്.സിക്കെതിരായ മത്സരത്തിൽ അനാവശ്യമായി ഡൈവ് ചെയ്തതിന് താരത്തെ കളിക്കമ്പക്കാർ രൂക്ഷമായി ട്രോളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.