മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു താരോദയത്തിന് സാക്ഷ്യം വഹിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. ഒന്നിനെതിരെ ആറ് ഗോളിനാണ് എ.എഫ്.സി ബേൺമൗത്തിനെ തകർത്തുവിട്ടത്. നാല് ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ അടിക്കുകയും ചെയ്ത ബെൽജിയത്തിൽനിന്നുള്ള 21കാരൻ ജെറമി ഡോകുവാണ് ജയത്തിൽ നിർണായക പങ്കുവഹിച്ചത്. ബെർണാഡോ സിൽവ ഇരട്ട ഗോൾ നേടിയപ്പോൾ അകാൻജി, ഫിൽ ഫോഡൻ, നഥാൻ അകെ എന്നിവരുടെ വകയായിരുന്നു അവശേഷിക്കുന്ന ഗോളുകൾ. ബേൺമൗത്തിന്റെ ആശ്വാസ ഗോൾ സിനിസ്റ്ററയുടെ ബൂട്ടിൽനിന്നായിരുന്നു.
ഈ സമ്മറിൽ റെന്നെയിൽനിന്ന് 55.4 പൗണ്ടിന് സിറ്റിയിൽ എത്തിയ ജെറമി ഡോകുവിന്റെ വകയായിരുന്നു ആദ്യ ഗോൾ. 30ാം മിനിറ്റിൽ റോഡ്രിയുടെ പാസിൽനിന്നായിരുന്നു ഗോൾ. മൂന്നുമിനിറ്റിനകം ബെർണാഡോ സിൽവക്കും 37ാം മിനിറ്റിൽ മാനുവൽ അകാൻജിക്കും 64ാം മിനിറ്റിൽ ഫിൽ ഫോഡനും 83ാം മിനിറ്റിൽ ഒരിക്കൽ കൂടി സിൽവക്കും ഗോളടിക്കാൻ ഡോകു വഴിയൊരുക്കി. ഇതോടെ അടിച്ച അഞ്ച് ഗോളിലും ഡോകുവിന്റെ സ്പർശമുണ്ടായി. 88ാം മിനിറ്റിൽ ബോബിന്റെ പാസിൽ നഥാൻ അകെ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ഗോൾപട്ടിക പൂർത്തിയായി.
കണങ്കാലിന് വേദനയുള്ള സൂപ്പർ താരം എർലിങ് ഹാലൻഡിന് വിശ്രമം നൽകിയാണ് കോച്ച് ഗാർഡിയോള ടീമിനെ ഇറക്കിയത്. ജെറമി ഡോകുവിലൂടെ മാഞ്ചസ്റ്റിൽ സിറ്റി മറ്റൊരു യുവ പ്രതിഭയെ കൂടി കണ്ടെത്തിയെന്ന് മത്സരശേഷം കോച്ച് പെപ് ഗാർഡിയോള പ്രതികരിച്ചു.
അതേസമയം, ആഴ്സനലിനെ ന്യൂകാസിൽ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 64ാം മിനിറ്റിൽ ആന്തണി ഗോർഡൻ നേടിയ വിവാദ ഗോളാണ് ഗണ്ണേഴ്സിന് പരാജയമൊരുക്കിയത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് ഫുൾഹാമിനെ തോൽപിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളാണ് യുനൈറ്റഡിന് ജയമൊരുക്കിയത്. മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോർഡ് 3-2ന് വെസ്റ്റ്ഹാമിനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് ബേൺലിയെയും ഷെഫീൽഡ് യുനൈറ്റഡ് 2-1ന് വോൾവ്സിനെയും തോൽപിച്ചു. ബ്രൈറ്റൺ-എവർട്ടൺ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
ജയത്തോടെ 11 കളിയിൽ 27 പോയന്റുമായി സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടൻഹാം 26 പോയന്റുമായി രണ്ടാമതും 24 പോയന്റുള്ള ആഴ്സണൽ മൂന്നാമതും 23 പോയന്റുള്ള ലിവർപൂൾ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.