മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ മേഘാലയ-രാജസ്ഥാൻ മത്സരം നടക്കുമ്പോൾ ഗാലറിയിൽ കാണികൾക്കിടയിൽ പൊരിവെയിലത്ത് ഒരാൾ പേപ്പറും പേനയും പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ആള് ചില്ലറക്കാരനല്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ഹൈദരാബാദ് എഫ്.സിയിലേക്ക് കളിക്കാരെ റിക്രൂട്ട് ചെയ്യാൻ വന്നയാളാണ്. രണ്ട് കൊല്ലത്തിലധികമായി ടീമിന്‍റെ പെർഫോമൻസ് അനാലിസിസ് തലവനാണ് ജോയ് ഗബ്രിയേൽ.
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ കഴിയും വരെ കോട്ടപ്പടിയിലും പയ്യനാട്ടുമുണ്ടാവുമെന്നും മികച്ച താരങ്ങളെ റിക്രൂട്ട് ചെയ്യുമെന്നും ഗബ്രിയേൽ പറഞ്ഞു. കോയമ്പത്തൂർ സ്വദേശിയാണ് ഇദ്ദേഹം.
ബി.സി.സി.ഐ, സിംബാബ്വേ ക്രിക്കറ്റ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡൈനോമസ്, മിനർവ പഞ്ചാബ് എഫ്.സി, ചെന്നൈ എഫ്.സി തുടങ്ങിയവർക്ക് വേണ്ടി പ്രവർത്തിച്ച അനുഭവസമ്പത്തും ജോയ് ഗബ്രിയേലിനുണ്ട്.
ഹൈദരാബാദ് എഫ്.സിയുടെ ബി ടീമിലേക്കും താരങ്ങളെ എടുക്കുന്നുണ്ട്. അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷമീൽ ചെമ്പകത്താണ് ബി ടീം മുഖ്യപരിശീലകൻ. ഇവർ ഗോവയിൽ മിനി ഐ.എസ്.എൽ കളിച്ചുകൊണ്ടിരിക്കുകയാണ്.
മലയാളി താരങ്ങളും സംഘത്തിലുണ്ട്. ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽ റബീഹാണ് ഹൈദരാബാദ് എഫ്.സി ഒന്നാം ടീമിലെ ഏക മലയാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.