കോച്ച് നേഗ്ൽസ്മാനിനെ ബയേൺ മ്യൂണിക്ക് എന്തുകൊണ്ട് പറഞ്ഞുവിട്ടു? കാരണങ്ങൾ ഇതാണ്..

സമീപകാലത്ത് യൂറോപ്യൻ ഫുട്ബാളിനെ ഞെട്ടിച്ച ഏറ്റവും വലിയ തലമാറ്റങ്ങളിൽ ഒന്നായിരുന്നു ബയേൺ മ്യൂണിക് പരിശീലക പദവിയിൽ സംഭവിച്ചത്. 36കാരനായ ജൂലിയൻ നേഗ്ൽസ്മാനിനെ പറഞ്ഞുവിട്ട് പകരം മുൻ ചെൽസി പരിശീലകൻ തോമസ് ടുഷേലിനെ പദവിയേൽപിച്ചായിരുന്നു ബുണ്ടസ് ലിഗ ചാമ്പ്യൻന്മാരുടെ അസാധാരണ നടപടി. ചുമതലയേറ്റ് 19 മാസം മാത്രം പൂർത്തിയാക്കുന്നതിനിടെയായിരുന്നു ഇനിയും സേവനം ആവശ്യമില്ലെന്നറിയിച്ച് പറഞ്ഞയക്കൽ.

ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഒരു പോയിന്റ് അകലത്തിൽ രണ്ടാമതാണ് ബയേൺ. ചാമ്പ്യൻസ് ലീഗിലാകട്ടെ, എട്ടു തുടർ ജയങ്ങളുമായി ക്വാർട്ടറിലും. മാഞ്ചസ്റ്റർ സിറ്റിയാണ് അവസാന എട്ടിലെ എതിരാളി.

ലോകകപ്പിന് പിരിയുംവരെ ഏറ്റവും മികച്ച ഫോമിലായിരുന്ന ബയേൺ അടുത്തിടെ പ്രശ്നങ്ങളുടെ നടുവിലാണ്. ആഭ്യന്തര ലീഗിൽ ഒന്നിലേറെ തോൽവികൾ വഴങ്ങിയ ടീം പക്ഷേ, യൂറോപിന്റെ ഗ്ലാമർ പോരിടത്തിൽ കരുത്തരായ പി.എസ്.ജിക്കെതിരെ കുറിച്ചത് ആധികാരിക ജയം. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ക്വാർട്ടർ പോരാട്ടം ഏപ്രിൽ 11നാണ്. അടുത്തയാഴ്ച നിർണായക പോരാട്ടത്തിൽ ഡോർട്മുണ്ടിനെതിരെയാണ് കളി. ഇതുപോലൊരു ഘട്ടത്തിലും 35കാരനെ പറഞ്ഞുവിടുകയല്ലാതെ മാനേജ്മെന്റിനു മുന്നിൽ വഴിയില്ലായിരുന്നുവെന്നതാണ് പുറത്തുവരുന്ന വാർത്തകൾ.

ലോകകപ്പിനു ശേഷം ചിത്രംമാറി

2021ൽ ലൈപ്സീഗിൽനിന്നാണ് നേഗ്ൽസ്മാൻ ബയേൺ ചുമതലയിലെത്തുന്നത്. അതുവരെയും ടീം പുലർത്തിയ മികവ് തുടർന്ന ടീം കഴിഞ്ഞ സീസണിലും ബുണ്ടസ് ലിഗ കിരീടം ചൂടിയതൊഴിച്ചാൽ കാര്യമായ മറ്റു നേട്ടങ്ങളുണ്ടാക്കിയില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ലാ ലിഗ ടീമായ വിയ്യറയലിനോട് ക്വാർട്ടറിൽ തോറ്റ് മടങ്ങിയ ടീം ജർമൻ കപ് രണ്ടാം റൗണ്ടിൽ ബൊറൂസിയ മുൻചെൻഗ്ലാഡ്ബാഹിനു മുന്നിലും വീണു.

ടീം കാലങ്ങളായി തുടർന്നുപോരുന്ന വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള കളി മാറ്റി മധ്യത്തിൽ ശ്രദ്ധയൂ​ന്നുന്നതായിരുന്നു നേഗ്ൽസ്മാൻ രീതി. റോബർട്ട് ലെവൻഡോവ്സ്കി എന്ന സൂപർ ​സ്ട്രൈക്കർ പോയ ഒഴിവിൽ പകരക്കാരനെ വെക്കാനും കോച്ച് താൽപര്യം കാട്ടിയില്ല. എന്നിട്ടും ലോകകപ്പ് വരെ തുടർച്ചയായ 10 കളികൾ ജയിച്ച ടീമിൽ പിന്നീടെല്ലാം മാറുന്നതായിരുന്നു കാഴ്ച. അതുകഴിഞ്ഞുള്ള 10 കളികളിൽ ടീമിന് നഷ്ടമായത് വിലപ്പെട്ട 12 പോയിന്റുകൾ. അതുവരെയും ഒറ്റക്ക് കിരീടത്തിലേക്ക് ഓടിയവർ കഴിഞ്ഞ ഞായറാഴ്ച ബയേർ ലെവർകൂസനു മുന്നിൽ വീണ് രണ്ടാം സ്ഥാനത്തുമായി.

നോയറുമായി ‘അടിയോടടി’

ബയേണിന് ഗോൾകീപറെന്നാൽ കാലങ്ങളായി മാനുവൽ നോയറേയുള്ളൂ. എന്നാൽ, ഗോളിയുമായി ഒരുഘട്ടത്തിലും ഒന്നിച്ചുപോകാൻ നേഗ്ൽസ്മാന് സാധ്യമായിട്ടില്ല. നോയറുടെ ഉറ്റസുഹൃത്തും ഗോൾകീപിങ് കോച്ചുമായ ടോണി ടോപലോവിച്ചുമായും പരിശീലകന് സ്വ​രച്ചേർച്ചയുണ്ടായിരുന്നില്ല. തുടക്കം മുതൽ ടോപലോവിച്ചിനെ തട്ടാൻ നേഗ്ൽസ്മാൻ ശ്രമം നടത്തിയിരുന്നെങ്കിലും നോയർ മുന്നിലുള്ളതിനാൽ അത് നടന്നില്ല. ഒടുവിൽ താരം പരിക്കേറ്റ് പുറത്തിരുന്ന ഘട്ടത്തിൽ ടോപലോവിച്ചിനെ തട്ടുകയും ചെയ്തു.

പുതിയ പരിശീലന രീതിക്കെതിരെ താരങ്ങൾ പരസ്യമായി രംഗത്തെത്തിയതും മാധ്യമ വാർത്തയായി. മത്സരങ്ങൾക്കിടെ അരികിൽനിന്ന് ബഹളംവെച്ച് നിർദേശങ്ങൾ നൽകുന്ന രീതി ആത്മവിശ്വാസം കെടുത്തുന്നുവെന്ന് വരെയായി പരാതികൾ.

കോച്ചും കാമുകിയും

എല്ലാം ഊതിവീർപിക്കാൻ പോന്നതായിരുന്നു അടുത്തിടെ സ്വന്തം ഭാര്യയുമായി വേർപിരിഞ്ഞ് പ്രാദേശിക ടാ​േബ്ലായ്ഡ് റി​പ്പോർട്ടറുമായി കോച്ച് അടുപ്പത്തിലായത്. ബയേൺ സ്വന്തം ഭാവിയെ കുറിച്ച് ചർച്ച നടത്തുമ്പോൾ കാമുകിയുമൊന്നിച്ച് നേഗ്ൽസ്മാൻ ഓസ്ട്രിയയിലേക്ക് സ്കീയിങ്ങി​ന് പോയതായിരുന്നു മാനേജ്മെന്റിന്റെ പ്രശ്നം. വമ്പൻ തുക നൽകിയാണ് ലൈപ്സീഗിൽനിന്ന് നേഗ്ൽസ്മാനിനെ ബയേൺ സ്വന്തമാക്കിയത്. കരാർ പ്രകാരം പുറത്താക്കിയാലും പുതിയ ടീമിനൊപ്പം ചേരുംവരെ നേഗ്ൽസ്മാനിന് ഇതുവരെയും നൽകിയിരുന്ന പ്രതിമാസ വേതനം ക്ലബ് നൽകിക്കൊണ്ടിരിക്കണം. ഇതറിഞ്ഞിട്ടും പുറത്താക്കാൻ തീരുമാനമെടുക്കാൻ മാത്രം സ്ഥിതി ഗുരുതരമായിരുന്നെന്ന് വ്യക്തം. 

Tags:    
News Summary - Julian Nagelsmann: Why did Bayern Munich sack their manager and turn to Thomas Tuchel?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT