ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടിൽനിന്നേറ്റ അട്ടിമറിക്ക് കണക്കുചോദിക്കാനിറങ്ങിയ യുവൻറസ് സ്വന്തം തട്ടകത്തിൽ എഫ്.സി പോർടോയൊ തകർത്തെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്. പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടായ അലയൻസ് അറീനയിൽ പോർചുഗീസ് ടീമിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളുകളുടെ പിൻബലത്തിൽ പോർേടാ മുന്നേറുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് നടന്ന ആദ്യപാദത്തിൽ 2-1നാണ് പോർടോ ക്രിസ്റ്റ്യാനോയെയും സംഘത്തെയും തോൽപിച്ചത്. രണ്ട് പാദങ്ങളിലുമായി ഇരുടീമുകളും നാല് ഗോൾ നേടിയപ്പോൾ എവേ മത്സരത്തിൽ രണ്ട് തവണ വലകുലുക്കിയതിന്‍റെ പിൻബലത്തിൽ പോർടോ ക്വാർട്ടറിൽ കടക്കുകയായിരുന്നു.
19ാം മിനിറ്റിൽ സെർജിയോ ഒലിവേര നേടിയ ഗോളിൽ പോർടോയാണ് ആദ്യം മുന്നിലെത്തിയത്. മറുപടി ഗോളിനായി 49ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആതിഥേയർക്ക്. ഫെഡറിക്കോ ചിയെസയാണ് യുവന്‍റസിനെ ഒപ്പമെത്തിച്ചത്. അൽപ്പസമയത്തിനകം മെഹ്ദി ടരേമി ചുവപ്പ് കാർഡുമായി പുറത്തുപോയതോടെ 10 പേരുമായിട്ടായിരുന്നു പോർടോയുടെ പോരാട്ടം.
63ാം മിനിറ്റിൽ ഫെഡറിക്കോ ചിയെസ വീണ്ടും യുവന്‍റസിനായി വലകുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോർ 2-2. പിന്നീട് ഗോളുകളൊന്നും പിറക്കാത്തതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 115ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സെർജിയോ ഒലിവേര വലയിലെത്തിച്ചതോടെ യുവന്‍റസിന്‍റെ പതനം പൂർത്തിയായി. രണ്ട് മിനിറ്റിനകം അഡ്രിയാൻ റാബിയോട്ട് ഗോൾ മടക്കിയെങ്കിലും പോർട്ടോയുടെ ക്വാർട്ടർ പ്രവേശനത്തിന് തടസ്സമായില്ല.
മറ്റൊരു മത്സരത്തിൽ സെവിയ്യയ സമനിലയിൽ തളച്ച ബൊറൂസിയ ഡോർട്ടുമുണ്ട് (2-2) ആദ്യ പാദത്തിലെ വിജയത്തിന്‍റെ മികവിൽ ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ 3-2നായിരുന്നു ബൊറൂസിയയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.