യുവന്‍റസിന്​ വേണ്ട?​; റയൽ മടക്കത്തിന്​ കരുക്കൾ നീക്കി ക്രിസ്റ്റ്യാനോയെന്ന്​ റിപ്പോർട്ട്​

റോം: ഇറ്റലിയിൽ കരാർ ബാക്കിയുണ്ടെങ്കിലും പഴയ പ്രതാപം അതേ കരുത്തോടെ തുടരാൻ വിഷമിക്കുന്ന സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ​ നിലവിലെ സീസൺ പൂർത്തിയാകു​ന്നതോടെ വിറ്റഴിക്കാൻ യുവന്‍റസ്​ ശ്രമം സജീവമാക്കിയതായി റിപ്പോർട്ട്​. കോവിഡ്​ കാലത്തും സമാന നീക്കങ്ങളെ കുറിച്ച്​ മാധ്യമ റിപ്പോർട്ടുകൾ പറന്നുനടന്നിരുന്നുവെങ്കിലും സീരി എയിലും യൂറോപ്യൻ ലീഗിലും ടീം പിറകോട്ടുപോകുന്നതാണ്​ അഭ്യൂഹങ്ങൾക്ക്​ വീണ്ടും ചിറകു നൽകുന്നത്​. ടീമിന്​ രണ്ടു സീസണുകളിൽ വലിയ ഉയരങ്ങൾ നൽകുന്നതിൽ മുന്നിൽനിന്ന റോണോ അടുത്തിടെ മങ്ങിയ പ്രകടനവുമായി മൈതാനത്ത്​ ഉഴറുന്നത്​ ആരാധകരിലും നിരാശ പടർത്തിയിട്ടുണ്ട്​. ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ കാണാതെ ടീം അടുത്തിടെ പുറത്തായിരുന്നു.

ഇറ്റാലിയൻ ലീഗിൽ എതിരാളികളില്ലാതെ മുന്നിൽനിന്ന ടീം ലീഗിലെ വീഴ്​ചകൾക്ക്​ പുറമെ കനത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്​. റൊണാൾഡോക്ക്​ നൽകുന്നതാക​ട്ടെ, റെക്കോഡ്​ തുകയും. ഇത്രയും നൽകി ഇനിയും നിലനിർത്തുന്നത്​ ബുദ്ധിപൂർവമാകുമോ എന്നാണ്​ ഉയരുന്ന സംശയം.

ഈ വിഷയം ചർച്ച ചെയ്യാൻ യുവെ അധികൃതർ ക്രിസ്റ്റ്യാനോയെ കാണുമെന്ന്​ 'ഫുട്​ബാൾ ഇറ്റാലിയ' റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. 2022 ജൂണിലാണ്​ യുവെയിൽ താരത്തിന്‍റെ കരാർ അവസാനിക്കുന്നത്​. എന്നാൽ, 2.9 കോടി യൂറോ (252 കോടി രൂപ)ക്ക്​ സീസൺ അവസാനത്തോടെ വിൽപന നടത്താനാകുമോ എന്നാണ്​ ക്ലബ്​ പരിശോധിക്കുന്നത്​്​. റയലും ക്രിസ്റ്റ്യാനോയും ലോക ഫുട്​ബാളിൽ സമാനതകളില്ലാത്ത റെക്കോഡുകളിലേക്കു നടന്നുകയറിയ 2018ൽ 12 കോടി യൂറോക്കായിരുന്നു റോണോ യുവന്‍റസിലെത്തിയത്​. യുവന്‍റസ്​ ​ജഴ്​സിയിലും താരം അതിവേഗം ഗോളുകൾ അടിച്ചുകൂട്ടി ഇറ്റലിയിൽ താരരാജാവായി. പുതിയ സീസണിലും 32 കളികളിൽ താരം 27 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്​. ടീമിലെത്തിയ ശേഷം 121 കളികളിൽ ഗോൾനേട്ടം 92 ആണ്​.

ഇനിയും റയലിലേക്ക്​ തിരിച്ചുപോകാനാകുമോയെന്നാണ്​ ടീമും താരവും പരിശോധിക്കുന്നത്​. തുകയിൽ ഇളവു ലഭിച്ചാൽ ടീമിലെത്തിക്കാൻ റയൽ സമ്മതം മൂളുമെന്ന പ്രതീക്ഷ മാധ്യമങ്ങൾ പങ്കുവെക്കുന്നു. എന്നാൽ, എർലിങ്​ ഹാലൻഡ്​, കിലിയൻ എംബാപ്പെ എന്നീ പുതുനിരയിൽ കണ്ണുവെച്ചിരിക്കുന്ന റയൽ അത്രക്ക്​ ക്രിസ്റ്റ്യാനോയിൽ താൽപര്യം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്​. 

Tags:    
News Summary - Juventus set Ronaldo transfer fee amid reported interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.