മുൻ ചാമ്പ്യന്മാർക്ക് അടിതെറ്റി; ചെൽസിയെ കടന്ന് ഡോർട്മുണ്ട്

കരീം അഡിയെമി എന്ന ജർമൻ കൗമാരക്കാരന്റെ സോളോ ഗോളിൽ കളി കൈവിട്ട് ചെൽസി. പണമെറിഞ്ഞ് കരുത്തുകൂട്ടിയ ടീമുമായി ബൊറൂസിയയിലെത്തിയ മുൻ യൂറോപ്യൻ ചാമ്പ്യന്മാരെ ഒറ്റ ഗോളിൽ തീർത്താണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദത്തിൽ ഡോർട്മുണ്ട് ജയം പിടിച്ചത്.

ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ കളിയിൽ അവസരങ്ങളേറെ സൃഷ്ടിച്ചത് നീലക്കുപ്പായക്കാർ. യൊആവോ ഫെലിക്സ് മാത്രം കളഞ്ഞുകുളിച്ചത് തളികയിലെന്ന പോലെ കിട്ടിയ രണ്ട് സുവർണാവസരങ്ങൾ. ഒന്ന് പോസ്റ്റിന് മുകളിലൂടെ അടിച്ചുപറത്തിയപ്പോൾ രണ്ടാമത്തേത് ക്രോസ്ബാറിൽ ഇടിച്ചുമടങ്ങി. ഇംഗ്ലീഷ് താരം റീസ് ജെയിംസും സമാനമായി രണ്ടുവട്ടം ഗോളിനരികെയെത്തി. ഇത്തവണ പക്ഷേ, ക്രോസ്ബാറിനു പകരം രക്ഷക വേഷത്തിലെത്തിയത് ഡോർട്മുണ്ട് ഗോൾകീപർ ഗ്രിഗർ കോബൽ.

അതും കഴിഞ്ഞായിരുന്നു അർധാവസരം ആഘോഷമാക്കി കരീം അഡിയെമി സ്കോർ ചെയ്യുന്നത്. സ്വന്തം ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അപകടമൊഴിവാക്കി ഡോർട്മുണ്ട് താരം അടിച്ചൊഴിവാക്കിയ പന്ത് ഓടിപ്പിടിച്ചായിരുന്നു അഡിയെമിയുടെ നീക്കം. അതിവേഗം പന്തുമായി എതിർഹാഫിലേക്കു കയറിയ താരം പിന്നെയും ഓട്ടം തുടർന്നപ്പോൾ ഒപ്പം പിടിച്ച് ചെൽസി പ്രതിരോധവുമുണ്ടായിരുന്നു. എന്നാൽ, വേഗത്തിലും കൗശലത്തിലും ഒരു പണത്തൂക്കം മുന്നിൽനിന്ന അഡിയെമി ചെൽസി ഗോളി കെപ അരിസബലഗയെയും ഡ്രിബ്ൾ ചെയ്ത് പന്ത് വലയിലേക്ക് തട്ടിയിട്ടു.

സമനില ഗോളിനായി നിരന്തരം ആക്രമണം നയിച്ച നീലക്കുപ്പായക്കാർക്കായി കാലിദൂ കൗലിബാലി വല കുലുക്കിയെന്ന് ​തോന്നിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിന്റെ ശ്രമവും നിർഭാഗ്യം വഴിമുടക്കി.

ജനുവരിയിൽ മാത്രം എട്ടു താരങ്ങളെയാണ് ചെൽസി സ്വന്തം നിരയിലെത്തിച്ചത്. ഇവരിൽ മിഖായേലോ മുദ്രിക്, ഫെർണാണ്ടസ്, ഫെലിക്സ് എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയാണ് ചെൽസി കളി തുടങ്ങിയത്. അവശേഷിച്ചവരെ ഇറക്കാൻ ചാമ്പ്യൻസ് ലീഗ് ചട്ടങ്ങൾ അനുവദിക്കാത്തതാണ് വില്ലനായത്. ഗ്രൂപ് ഘട്ടത്തിനു ശേഷം ടീമിലെത്തിയവരിൽ പരമാവധി ഇറക്കാവുന്നവരുടെ എണ്ണത്തിലെ പരിധി മൂന്നാണ്. മൂവരും ഇറങ്ങിയതിന്റെ ഗുണം ചെൽസി പുറത്തെടുത്തെങ്കിലും ഗോൾ മാത്രം പിറക്കാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ നവംബറിനു ശേഷം ഒരു കളിയിൽ പോലും ടീം രണ്ടു ഗോൾ അടിച്ചിട്ടില്ല.

രണ്ടാമത്തെ മത്സരത്തിൽ ബെൻഫിക്ക എതിരില്ലാത്ത രണ്ടു ഗോളിന് ക്ലബ് ബ്രൂഗെയെ തോൽപിച്ചു. 

Tags:    
News Summary - Karim Adeyemi scored a brilliant solo goal to condemn Chelsea to defeat in Champions League last-16 first-leg tie at Borussia Dortmund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.