പാരിസ്: ലോകകപ്പ് നോക്കൗട്ട് റൗണ്ട് മുതൽ കരീം ബെൻസേമക്ക് കളിക്കാമായിരുന്നിട്ടും പരിക്കിന്റെ പേരിൽ അദ്ദേഹത്തെ പെട്ടെന്ന് മടക്കിയയക്കുകയായിരുന്നുവെന്ന് താരത്തിന്റെ ഏജന്റ്. ‘‘ഞാൻ മൂന്നു സ്പെഷലിസ്റ്റുകളുമായി സംസാരിച്ചിരുന്നു. അവരെല്ലാം പറഞ്ഞത് ക്വാർട്ടർ ഫൈനൽ മുതൽ ബെൻസേമ ഫിറ്റാവുമെന്നാണ്. ബെഞ്ചിലെങ്കിലും ഇരുത്താമായിരുന്നു. എന്തിനാണ് നിങ്ങൾ അദ്ദേഹത്തോട് പെട്ടെന്ന് മടങ്ങാൻ നിർദേശിച്ചത്’’ -നിയമകാര്യ പ്രതിനിധിയായ കരീം ജസീരി ട്വിറ്ററിൽ ചോദിച്ചു.
ഫ്രാൻസ് ടീമിന്റെ പരിശീലകൻ ദിദിയർ ദെഷാംപ്സിനെയാണ് ജസീരി ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് പരിശീലനത്തിനിടെ ബെൻസേമക്ക് പരിക്കേൽക്കുന്നത്. അദ്ദേഹത്തെ മടക്കിയയച്ചെങ്കിലും പകരക്കാരനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ നോക്കൗട്ട് റൗണ്ട് മുതൽ ബെൻസേമ കളിക്കുമെന്ന റിപ്പോർട്ടുകൾ വന്നു. താരം പരിശീലനവും തുടങ്ങി. എന്നാൽ, നിലവിലെ സംഘത്തെ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യം മാത്രമാണ് ഇപ്പോൾ തന്റെ ചിന്തയിലെന്നായിരുന്നു ബെൻസേമയെക്കുറിച്ച് ചോദിച്ചപ്പോൾ ദെഷാംപ്സിന്റെ മറുപടി.
താൻ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും പൂർണമായ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കുമെന്നും ദെഷാംപ്സ് കൂട്ടിച്ചേർത്തു. ഫ്രഞ്ച് ടീം ഫൈനലിലെത്തിയതോടെ കിരീടപ്പോരാട്ടത്തിൽ ബെൻസേമയുടെ സാന്നിധ്യമുണ്ടാവുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ലോകകപ്പ് സമാപിച്ചതിനു പിന്നാലെ 35കാരൻ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.