കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ ക്വാർട്ടർ കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സിന് അവസാന ഗ്രൂപ് മത്സരത്തിൽ ആശ്വാസ ജയം. ബിദ്യാസാഗർ സിങ്ങിന്റെ ഹാട്രിക് തുണച്ചപ്പോൾ ഇന്ത്യൻ എയർ ഫോഴ്സിനെ ഏകപക്ഷീയമായ അഞ്ചുഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്.
ഗ്രൂപ് സിയിൽ ആദ്യകളിയിൽ ഗോകുലം കേരളയോട് തോൽവി പിണഞ്ഞതാണ് മഞ്ഞപ്പടക്ക് വിനയായത്. രണ്ടാമത്തെ മത്സരത്തിൽ ബംഗളൂരു എഫ്.സിയുമായി 2-2ന് സമനില പാലിച്ചതോടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. മൂന്നു കളികളിൽ നാലു പോയന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.
എയർഫോഴ്സിനെതിരെ അക്കാദമിക് താൽപര്യം മാത്രം അവശേഷിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാം നിര ടീമിനെ കളത്തിലിറക്കുകയായിരുന്നു. പത്താം മിനിറ്റിൽ വിബിനൊപ്പം പന്തു കൈമാറി മുന്നേറിയെത്തിയ മുഹമ്മദ് അയ്മന്റെ ലോങ് റേഞ്ചറാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. മൂന്നു മിനിറ്റ് പിന്നിടവേ, ഡാനിഷിന്റെ ത്രൂപാസിൽ ഇടങ്കാലൻ ഷോട്ടുതിർത്ത ബിദ്യാസാഗർ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട എയർഫോഴ്സിന്റെ വലയിലേക്ക് ഡാനിഷിന്റെ വകയായിരുന്നു മൂന്നാമത്തെ പ്രഹരം. കോർണർകിക്കിൽനിന്നു വന്ന പന്തിനെ ഫസ്റ്റ്ടൈം ഷോട്ടിൽ ഡാനിഷ് ഗോൾവര കടത്തി. ആറു മിനിറ്റുപിന്നിടവേ, കോർണർ കിക്കിൽനിന്നുവന്ന നീക്കം. വിബിന്റെ ഇടങ്കാലൻ ക്രോസിൽ ഉയർന്നുചാടി ബിദ്യാസാഗറിന്റെ ഹെഡറും എയർഫോഴ്സിന്റെ വലതുളച്ചുകയറി. കളി ആറു മിനിറ്റു മാത്രം ബാക്കിയിരിക്കേ, റീബൗണ്ടിൽ വലയിലേക്ക് വെടിപൊട്ടിച്ച ബിദ്യാസാഗർ ഗോൾപട്ടികയും തന്റെ ഹാട്രിക്കും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.