മുംബൈ: പകരക്കാരനായെത്തി കിടിലൻ പ്രകടനവുമായി ഐ.എസ്.എൽ സീസണിൽ ടീമിന്റെ നെടുന്തൂണായി മാറിയ പ്രഭ്സുഖൻ ഗില്ലുമായി 2024 വരെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ്.
സീസൺ പാതിവഴിയിൽ നിൽക്കെ 2021 ഡിസംബറിലായിരുന്നു ഗിൽ ബ്ലാസ്റ്റേഴ്സ് കാവൽക്കാരന്റെ റോളിൽ ഇറങ്ങുന്നത്. ആൽബിനോ ഗോമസിന് പരിക്കേറ്റ ഒഴിവിലായിരുന്നു വരവ്. ഒഡിഷക്കെതിരെ കളി തുടങ്ങിയ താരം പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
17 കളികളിൽ 49 കിടിലൻ സേവുകളുമായി പതിയെ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോളിയായി ഉയർന്നു. സീസണിൽ ഗോൾഡൻ ഗ്ലവ് പുരസ്കാരവും ഫെബ്രുവരിയിൽ 'എമർജിങ് പ്ലയർ' അവാർഡും താരത്തെ തേടിയെത്തി. അതിലേറെ വേഗത്തിൽ മഞ്ഞപ്പടയുടെ ആദരവും താരം ഏറ്റുവാങ്ങി.
2014ലാണ് ഗിൽ പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്. ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിലായിരുന്നു ആദ്യം വല കാത്തത്. വൈകാതെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ എലീറ്റ് അക്കാദമിയിലെത്തിയ താരം ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസിലും 2019ൽ ഐ.എസ്.എല്ലിലെ ബംഗളൂരുവിലും എത്തി. അതുകഴിഞ്ഞാണ് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.