ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 24കാരനായ മോണ്ടിനെഗ്രോയുടെ സെന്‍റർ ബാക്ക് മിലോസ് ഡ്രിംഗിചിനെയാണ് പുതുതായി മഞ്ഞപ്പട ടീമിലെത്തിച്ചത്. ഒരു വർഷത്തെ കരാറാണ് താരവുമായി ഒപ്പുവെച്ചത്.
മോണ്ടിനെഗ്രോ, ബെലറൂസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകൾക്കൊപ്പം 230ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അടുത്തിടെ ബെലറൂസിലെ ഷാക്തർ സോളിഗോർസ്‌കിനായി ഡ്രിൻസിച് കളിച്ചിരുന്നു. 2016ൽ എഫ്.കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിലൂടെയാണ് താരം പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്.
ടോപ്പ് ഡിവിഷനിലെ മികച്ച പ്രകടനം 2021ൽ മോണ്ടിനെഗ്രോയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ് ക്ലബായ സത്ജെസ്‌ക നിക്‌സിചിൽ എത്തിച്ചു. 2022ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിചിലെ പ്രധാന താരമായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ യോഗ്യത മത്സരങ്ങൾ തുടങ്ങിയ ടൂർണമെന്‍റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ അണ്ടർ -17, 19, 23 ടീമുകളുടെ ഭാഗമായിരുന്നു. 15ാം നമ്പർ ജഴ്‌സിയാണ് ക്ലബ് താരത്തിന് അനുവദിച്ചത്. കൊൽക്കത്തയിലെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം താരം ഉടൻ ചേരും.
ഒരു മികച്ച ക്ലബ്ബിനൊപ്പം മറ്റൊരു ലീഗിൽ പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള മികച്ച അവസരമായാണ് ഞാൻ ഇതിനെ കാണുന്നതെന്ന് ഡ്രിംഗിച് പ്രതികരിച്ചു. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണ്, ഇത് അവിസ്മരണീയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.