ബംഗളൂരു: ബംഗളൂരു ശ്രീ കണ്ഠീരവയുടെ മൈതാനത്ത് കണക്കുതീർക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഐഎസ്.എല്ലിന്റെ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് മത്സരത്തിൽ കണ്ഠീരവയിൽ അരങ്ങേറിയ അസാധാരണ സംഭവ വികാസങ്ങൾക്കൊടുവിൽ കോച്ച് ഇവാൻ വുകുമനോവിച്ചിനും ക്ലബ്ബിനും നേരിടേണ്ടിവന്ന ശിക്ഷാ നടപടികൾക്ക് അതേ മുറ്റത്ത് ബംഗളൂരു എഫ്.സിയോട് പകരം ചോദിക്കാൻ കൊമ്പന്മാരെത്തുമ്പോൾ മൈതാനവും ഗാലറിയും ഒരുപോലെ ആവേശക്കടലാകും. ഇരു ക്ലബ്ബുകളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ദിവസങ്ങൾക്കു മുമ്പെ പോരിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു.
ശരത്കാലത്ത് തെബബൂയ പൂക്കളാൽ ഉദ്യാനഗരിയായ ബംഗളൂരു മനോഹരമാവുന്നതുപോലെ വർഷത്തിലൊരിക്കൽ ശ്രീ കണ്ഠീരവ സ്റ്റേഡിയം മഞ്ഞ പൂക്കുന്ന ദിനമാണ് ബംഗളൂരുവുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരം. കൊച്ചി കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ ‘രണ്ടാം ഹോം’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മൈതാനത്താണ് മഞ്ഞക്കുപ്പായക്കാർ വീണ്ടുമൊരു പോരിനിറങ്ങുന്നത്. ഗാലറിയിൽ മഞ്ഞലയായെത്തുന്ന ആരാധകരുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടു പോലും കണ്ഠീരവയിലൊരു ജയം പിടിക്കാനായില്ലെന്ന ദുഷ്പേരുണ്ട് ബ്ലാസ്റ്റേഴ്സിന്. ഓരോ സീസണിലും വൈരമേറുന്നതല്ലാതെ വിജയം മാത്രം അന്യം നിൽക്കുന്നു.
ഈ സീസണിൽ ഉദ്ഘാടന മത്സരത്തിൽതന്നെ കൊച്ചിയിൽ ബംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയ ബ്ലാസ്റ്റേഴ്സിന് ഇടവേള വരെ കാര്യങ്ങളെല്ലാം ട്രാക്കിലായിരുന്നു. എന്നാൽ സൂപ്പർ കപ്പിൽ പങ്കെടുത്ത് തിരിച്ചവന്ന ടീം ആകെയുടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദുർബല ടീമുകൾക്ക് മുന്നിൽ തുടർച്ചയായി വഴങ്ങിയ തോൽവി ഷീൽഡ് മോഹത്തിന് വിഘാതമായി. കൊച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഗോവയോടും തകർന്നു തരിപ്പണമാവുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്തു നിന്ന് ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് കൊമ്പന്മാർ നടത്തിയത്.
ആ വിജയോർജത്തിലാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ നേരിടാനെത്തുന്നത്. പോയന്റ് പട്ടികയിൽ മുന്നിൽ തിരിച്ചെത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്. ഒന്നാമതുള്ള ഒഡിഷക്ക് 17 മത്സരങ്ങളിൽ 35 പോയന്റാണുള്ളത്. 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് 29 ഉം. ഷീൽഡിനായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മോഹൻ ബഗാൻ, മുംബൈ, ഗോവ ടീമുകൾ കൂടി പോരാട്ടം കനപ്പിക്കുന്നതിനാൽ ഇനിയൊരു തോൽവി ബ്ലാസ്റ്റേഴ്സിന് താങ്ങാനാവില്ല.
മധ്യനിരയിൽ ആധിപത്യം തിരിച്ചു പിടിക്കാനായതാണ് ഇവാന് പ്രതീക്ഷ പകരുന്നത്. വിപിൻ മോഹനും ജീക്സൺ സിങ്ങും ഡെയ്സുകി സകായിയും ഗോവക്കെതിരെ ഒന്നാന്തരം പ്രകടനമാണ് നടത്തിയത്. പെനാൽറ്റി ബോക്സിൽ പലപ്പോഴും അലക്ഷ്യ ഷോട്ടുകൾ പായിക്കുന്ന കെ.പി. രാഹുലിന് പകരം ഒരു പക്ഷേ, ആദ്യ ഇലവനിൽ മുഹമ്മദ് അയ്മനെ കോച്ച് രംഗത്തിറക്കിയേക്കും. കൊച്ചിയിൽ ഗോവക്കെതിരായ കളി ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കിയ സബ്സ്റ്റിറ്റ്യൂഷനായിരുന്നു മുഹമ്മദ് അയ്മന്റേത്. രാഹുലിന് പകരം രണ്ടാം പകുതിയിൽ കളത്തിലെത്തിയ അയ്മൻ, ഐ.എസ്.എല്ലിലെ ഒന്നാന്തരം ഡിഫൻഡർമാരിലൊരാളായ ഒഡേ ഒനിൻഡ്യയെ ഏഴു മിനിറ്റിനിടെ മൂന്നു തവണയാണ് തന്റെ ക്വിക്ക് ടേണിലൂടെ മറികടന്നത്.
ലീഡെടുത്ത ഗോളിന് ദിമിത്രിക്ക് അസിസ്റ്റ് നൽകിയതും അയ്മനായിരുന്നു. മുന്നേറ്റത്തിൽ ഫെദോർ ചെർണിച്ച്- ദിമിത്രിയോസ് ഡയമന്റക്കോസ് കോമ്പോ ഫലം കണ്ടുതുടങ്ങിയതും പ്രതീക്ഷ പകരുന്നു. ലൂണയെ പോലെ ചെർണിയുമായും ദിമി വൺടച്ച് പാസുകൾ കൈമാറി മുന്നേറുന്നത് എതിർ ഗോൾമുഖത്ത് അപകടകരമൊരുക്കും. ക്ലബിനായുള്ള ചെർണിയുടെ ആദ്യ ഗോൾ പിറന്നതും ഇത്തരമൊരു നീക്കത്തിൽനിന്നായിരുന്നു. പ്രതിരോധത്തിലെ പാളിച്ചകൾകൂടി പരിഹരിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് വിജയമുറപ്പിക്കാം.
17 മത്സരങ്ങൾ പിന്നിടുമ്പോൾ നാല് ജയവും ആറ് സമനിലയും ഏഴ് തോൽവിയുമടക്കം 18 പോയന്റാണ് സമ്പാദ്യം. സീസണിൽ കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാനാവാതെ പോയ ബംഗളൂരു എഫ്.സി പക്ഷേ, സ്വന്തം മൈതാനത്ത് മികച്ച റെക്കോഡ് സൂക്ഷിക്കുന്ന ടീമാണ്. ഐ.എസ്.എല്ലിൽ സ്വന്തം മൈതാനത്ത് ഏറ്റവും കുറവ് തോൽവി ക്രെഡിറ്റിലുള്ള ബി.എഫ്.സി കണ്ഠീരവയിൽ അപകടകാരികളാണ്. കഴിഞ്ഞ നാല് ഹോം മത്സരത്തിലും അവർ തോൽവിയറിഞ്ഞിട്ടില്ല. അവസാന ആറിൽ ഇടമുറപ്പിക്കാൻ ഹോം മത്സരങ്ങളിൽ പരമാവധി ജയമാണ് ‘ദി ബ്ലൂസി’ന്റെ ലക്ഷ്യം. പ്ലേ ഓഫിലെ ആറാംസ്ഥാനത്തിനായി ബംഗളൂരുവിനെ കൂടാതെ, ജംഷഡ്പൂർ, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് ടീമുകൾ ഒപ്പത്തിനൊപ്പം രംഗത്തുണ്ട്.
പ്രതിരോധക്കോട്ടയിലേക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഹൈദരാബാദിൽനിന്ന് നിഖിൽ പൂജാരിയെയും ചിംഗ്ലിയൻ സനയെയും കൊണ്ടുവന്നതോടെ ബംഗളൂരുവിന്റെ ഗെയിമിൽ ഉണർവുണ്ടായിട്ടുണ്ട്. ശിവശക്തി നാരായണനും റയാൻ വില്യംസും ചേത്രിയും സാവിയുമടങ്ങുന്ന ആക്രമണനിരയും ബാറിന് കീഴിലെ മതിലായി ഗുർപ്രീത് സിങ് സന്ധുവും അണിനിരക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല.
ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനോടുള്ള തോൽവിയോടെ തുടക്കം കുറിച്ച ബംഗളൂരു പോയന്റ് പട്ടികയിൽ ഒമ്പതാമതാണ്. ബ്ലാസ്റ്റേഴ്സാകട്ടെ അഞ്ചാമതും. പരസ്പരം ഏറ്റുമുട്ടിയ അവസാന അഞ്ചു മത്സരങ്ങളിൽ ഇരു ടീമുകൾക്കും രണ്ടു വീതം ജയവും ഒരു സമനിലയുമാണ് ഫലം. എന്നാൽ, കണ്ഠീരവയിൽ ഇരുവരും ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നു ഫലം. ഒരെണ്ണം സമനിലയിലുമായി.
ഇന്ന് ബംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ മലർത്തിയാൽ ലീഗിൽ ആദ്യമായി ഹോം, എവേ മത്സരങ്ങളിൽ ബംഗളൂരുവിനെ തോൽപിക്കാനായെന്ന റെക്കോഡ് കോച്ച് ഇവാന്റെ ക്രെഡിറ്റിലാവും. ഇത്തവണ മോഹൻ ബഗാനെ സാൾട്ട് ലേക്കിൽ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സിന് നിലവിലെ ഫോം പരിഗണിച്ചാൽ ബംഗളൂരുവിന് മേൽ ഒരു ജയം കൂടി കുറിക്കാനാവുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.