കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ കപ്പിന്റെ ഇടവേളക്കു പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാംപാദ മത്സരങ്ങൾ പക്ഷേ തോൽവിയോടെയാണ് തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് ഭുവനേശ്വറിൽ ഒഡിഷ എഫ്.സിയോട് പരാജയം ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു. ഇടക്ക് ഒന്നാം സ്ഥാനത്തേക്കു കയറിയിരുന്ന ഗോവയെയും രണ്ടാമതുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിനെയും കടന്ന് ഒഡിഷ (31) മുന്നിലെത്തുകയും ചെയ്തു. 13 മത്സരങ്ങളില്‍നിന്ന് 26 പോയന്റുമായി മൂന്നാമതായ മഞ്ഞപ്പടക്ക് ഇന്ന് കലൂരിൽ ജയിച്ചാല്‍ എഫ്.സി ഗോവയെ (28) പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാം. രാത്രി 7.30നാണ് കളി. ഐ.എസ്.എൽ ഒന്നാംപാദ പ്രകടനത്തിന്റെ നിഴൽ മാത്രമാണ് സൂപ്പർ കപ്പിൽ കണ്ടത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോയവരും പരിക്കേറ്റവർക്ക് പകരക്കാരും ബ്ലാസ്റ്റേഴ്സ് നിരയിലെത്തിക്കഴിഞ്ഞു.
ഒഡിഷക്കെതിരെ പ്രതിരോധത്തിലൂന്നിയെങ്കിലും 11ാം മിനിറ്റിൽതന്നെ ഗോള്‍ നേടിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ വഴങ്ങിയത് രണ്ടെണ്ണം. ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന സൂചനയാണ് പരിശീലകൻ ഇവാന് വുകമനോവിച് നല്‍കുന്നത്. അഡ്രിയാന്‍ ലൂണക്ക് പകരക്കാരനായി എത്തിയ ഫെഡോര്‍ സെര്‍നിച്ചിനെ സ്വന്തം ആരാധകര്‍ക്കു മുന്നിൽ ഇന്ന് അവതരിപ്പിക്കും. ഒമ്പതു മത്സരങ്ങളാണ് ലീഗില്‍ ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. അഞ്ചും മറുനാട്ടിലായതിനാല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. നിലവിലെ സീസണിൽ സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അപരാജിതരാണ് ബ്ലാസ്റ്റേഴ്സ്.
കൊച്ചി: ഐ.എസ്.എല്ലിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ന് കൊച്ചിയിലെ മത്സരം കാണാനെത്തുമെന്ന് പരിശീലകൻ ഇവാൻ വുകമനോവിച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. താരം മാർച്ചിൽ വീണ്ടും ടീമിനൊപ്പം ചേരും. നിലവിൽ മുംബൈയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റൊരു വിദേശ താരം സൊട്ടാരിയോയും മാർച്ചിൽ തിരികെ ടീമിനൊപ്പം ചേരുന്നുണ്ട്. എന്നാൽ, ഇരുവരും സീസണിൽ കളിക്കുന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.