ഷാർജ: യു.എ.ഇയിലെ പ്രീ സീസൺ ടൂറിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് പിന്നാലെ അട്ടിമറി വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തി. യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ ഷാർജ എഫ്.സിയെയാണ് ഒന്നിനെതിരെ രണ്ടുഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ താരങ്ങളായ ദെയ്സുകെ സകായും, കാമെ പെപ്രയുമാണ് ഗോൾ നേടിയത്.
ജപ്പാൻ താരം ദെയ്സുകെ സകാ കിടിലൻ ഫ്രീക്കിക്കിലൂടെയാണ് ആദ്യ ഗോൾ നേടിയത്. ഘാന താരം കാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടിയത്.
ഷാർജ എഫ്.സി അവരുടെ പ്രധാനതാരങ്ങൾക്ക് വിശ്രമം നൽകിയാണ് കളിത്തിലിറങ്ങിയത്. ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.
കഴിഞ്ഞ ദിവസം യു.എ.ഇയിലെ മറ്റൊരു പ്രോലീഗ് ക്ലബായ അൽ വസലുമായുള്ള സൗഹൃദ മത്സരത്തിൽ മഞ്ഞപ്പട കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ആറു ഗോളിനാണ് അൽ വസൽ എഫ്.സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങൾക്കായി യു.എ.ഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സൗഹൃദ മത്സരം കൂടി ബാക്കിയുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരായ ഷബബ് അൽ അഹ്ലിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.