സന്തോഷ് ട്രോഫി: കേരളം സെമി കാണാതെ പുറത്ത്

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബാളിൽ നിലവിലെ ജേതാക്കളായ കേരളം സെമി കാണാതെ പുറത്ത്. അവസാന പോരാട്ടത്തിൽ പഞ്ചാബിനോട് 1-1ന് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്.

ശക്തരായ പഞ്ചാബിനെതിരെ കേരളം മികച്ച രീതിയിലാണ് തുടങ്ങിയത്. 24ആം മിനുട്ടിൽ കേരളം പഞ്ചാബിന്റെ വലയിൽ പന്തെത്തിച്ചു. വിശാഖ് മോഹനാണ് ഗോൾ നേടിയത്‌. ഇതോടെ കേരളം സെമി പ്രതീക്ഷയിലായി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് പഞ്ചാബ് തിരിച്ചടിച്ചു.

സെമി ഉറപ്പിക്കാൻ സമനില മതിയായിരുന്ന പഞ്ചാബ് ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആക്രമിച്ചു കളിച്ച കേരളം രണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും മുതലാക്കാനായില്ല.

സമനിലയിൽ കുടുങ്ങിയതോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പഞ്ചാബും കർണാടകയും ആണ് ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക് കടന്നത്. ആതിഥേയരായ ഒഡിഷയെ 2-2ന് സമനിലയിൽ തളച്ചാണ് കര്‍ണാടക സെമിയിലേക്ക് യോഗ്യരായത്. തുടക്കത്തിൽ കർണാടകയോട് തോറ്റതും മഹാരാഷ്ട്രക്ക് എതിരെ സമനില വഴങ്ങിയതും ആണ് കേരളത്തിന് തിരിച്ചടിയായത്. സെമി ഫൈനലിനും ഫൈനലിനും സൗദി അറേബ്യയാണ് വേദിയാവുക.

കഴിഞ്ഞ വര്‍ഷം ആതിഥേയരായിരുന്ന കേരളം തന്നെയായിരുന്നു ടൂര്‍ണമെന്റിലെ ചാമ്പ്യന്‍മാര്‍. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് കീഴടക്കി കേരളം ഏഴാം കിരീടം സ്വന്തമാക്കുകയായിരുന്നു.

Tags:    
News Summary - Kerala out without seeing Santosh Trophy semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.