കൊച്ചി: വ്യവസായപ്രമുഖന് നവാസ് മീരാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റാവും. ആഗസ്റ്റ് 20ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നവാസൊഴികെ ആരും മത്സരരംഗത്തില്ല. എല്ലാ പോസ്റ്റിലേക്കും കൃത്യം എണ്ണത്തിലുള്ള പത്രികകളാണ് ലഭിച്ചതെന്നാണ് സൂചന. ജില്ല അസോസിയേഷനുകളില്‍നിന്നുള്ള 42 പേര്‍ക്കാണ് വോട്ടവകാശം.
പത്തനംതിട്ടയില്‍നിന്നുള്ള ഡോ. റെജിനോള്‍ഡ് വര്‍ഗീസായിരിക്കും ട്രഷറര്‍. എം. മുഹമ്മദ് സലീം (മലപ്പുറം), വി.പി. പവിത്രന്, പൗലോസ് പി (എറണാകുളം), ഡേവിസ് മൂക്കന് (തൃശൂര്‍), ശിവകുമാര്‍ (പാലക്കാട്), ഹരിദാസ് (കോഴിക്കോട്) എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ആറ് വൈസ് പ്രസിഡന്റുമാര്‍ അനുവദനീയമായതിനാല്‍ ഇവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. രണ്ട് ജോയന്റ് സെക്രട്ടറിമാരുടെ പോസ്റ്റിലേക്ക് ഷാജി (വയനാട്), വിജയകുമാര്‍ (ആലപ്പുഴ) എന്നിവര്‍ പത്രിക നല്കി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി അച്ചു കോട്ടയവും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പി. അനില്‍കുമാറാണ് നിലവില്‍ ജനറല്‍ സെക്രട്ടറി. ഇതിലേക്ക് തെരഞ്ഞെടുപ്പില്ല. പുതിയ ഭാരവാഹികളുടെ ആദ്യ യോഗമായിരിക്കും അനില്‍കുമാര്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് നവാസ് മീരാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.