കൊൽക്കത്ത: എട്ടുമാസം നീളുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസണിന് വെള്ളിയാഴ്ച രാത്രി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഉദ്ഘാടന മത്സരത്തിനിറങ്ങും. തിരുവോണനാളായ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കളി. കൊച്ചിയിൽ പഞ്ചാബ് എഫ്.സി മഞ്ഞപ്പടക്ക് എതിരാളികാളാവും.
കൊൽക്കത്തൻ ഫുട്ബാളിലെ ബിഗ് ത്രീ എന്നറിയപ്പെടുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് എന്നിവർ ഒരുമിച്ച് ഇന്ത്യയുടെ ടോപ് ടയർ ലീഗിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയിൽ സ്ഥാനക്കയറ്റം നേടിയെത്തിയതാണ് മുഹമ്മദൻസ്. ഐ.എസ്.എൽ 2023 -24 സീസൺ ഫൈനലിൽ മുംബൈ സിറ്റി 3-1ന് ബഗാനെ തോൽപിച്ച് കിരീടം നേടുകയായിരുന്നു. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ബഗാൻ ഷീൽഡ് ജേതാക്കളുമായി.
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ചവരെന്ന വിശേഷണം പേറുന്ന ടീമാണ് ബഗാൻ. കളിച്ച നാലു സീസണുകളിൽ ഒരു കിരീടവും രണ്ടു ഫൈനലും ഒരു പ്ലേ ഓഫും. അതിന് നാലു വർഷം മാത്രമാണ് വേണ്ടിയിരുന്നത്. ആസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ, സ്കോട്ടിഷ് താരം ടോം ആൽഡ്രെഡ്, സ്പാനിഷ് പ്രതിരോധ താരം ആൽബെർട്ടോ റോഡ്രിഗ്വസ്, ഗോൾകീപ്പർ ധീരജ് സിങ് എന്നിവരാണ് മറിനേഴ്സ് തട്ടകത്തിലെത്തിച്ച പ്രമുഖർ. സ്പാനിഷ് തന്ത്രജ്ഞൻ ഫ്രാൻസിസ് മൊളിനയുടെ കീഴിലാണ് ടീമൊരുക്കം.
രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഐ.എസ്.എല്ലിൽ ഇനിയും ചരിത്രങ്ങൾ തീർക്കാനുണ്ട്. മാറിമാറിവരുന്ന സീസണുകളിൽ മികച്ച താരങ്ങളെത്തന്നെ കൊണ്ടുവരാൻ ഐലൻഡേഴ്സ് മാനേജ്മെന്റ് എക്കാലത്തും ശ്രമിച്ചതിന് ഉദാഹരണമായി താരങ്ങളുടെ പ്രകടനമികവുതന്നെ തെളിവാണ്. ഗോകുലം കേരളയിൽനിന്ന് എത്തിച്ച കോഴിക്കോട്ടുകാരൻ പി.എൻ. നൗഫലും, ഗോൾകീപ്പർ രഹ്നേഷും ടീമിന് ഇത്തവണ കരുത്താകും. സ്പാനിഷ് താരം ജോൺ ടോറൽ, ഗ്രീസ് മുന്നേറ്റ താരം നികോളാസ് കാരലിസ് എന്നിവരാണ് ടീം ഇത്തവണ ചെയ്ത സൈനിങ്ങുകളിൽ മികച്ചത്. ചെക്ക് പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ് ടീമിനായി തന്ത്രങ്ങൾ ഒരുക്കുന്നത്. ലാലിയൻസുവാല ചാങ്തെയാണ് ടീം നായകൻ.
10 സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടം ബ്ലാസ്റ്റേഴ്സിനിന്നും കിട്ടാക്കനിയാണ്. മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ തീരൂ. മാറിമാറി പരീക്ഷിച്ച പരിശീലകരാലും കളിക്കാരാലും ടീമിന്റെ പെരുമ വർധിപ്പിച്ചെങ്കിലും നേടാനാവാത്ത കപ്പിനു മേൽ പഴികേൾക്കേണ്ടിവരുന്ന മാനേജ്മെന്റും ഇത്തവണ അതിനൊരുങ്ങിത്തന്നെയാണ്. മൊറോക്കൻ മുൻനിര താരം നേഹ സദോയി, സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനെസ്, ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചവരിൽ പ്രമുഖർ. പരിശീലക സ്ഥാനം സ്വീഡൻകാരൻ മിഖായേൽ സ്റ്റാറേയെ വിശ്വസിച്ച് ഏൽപിച്ചിരിക്കയാണ് ടീം. അഡ്രിയാൻ ലൂണയാണ് ടീമിന്റെ ക്യാപ്റ്റൻ.
അൽബേനിയൻ മുന്നേറ്റ താരം അർമാൻഡോ സദികോയെ ടീമിലെത്തിച്ചാണ് എഫ്.സി ഗോവ ഇത്തവണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയത്. മികച്ച താരങ്ങളുമായി കളത്തിലിറങ്ങാറുള്ള ടീമിന് പലപ്പോഴും അടിതെറ്റുന്ന കാഴ്ചയാണ് കാണാറുള്ളത്. 10 സീസണുകൾ പൂർത്തിയാക്കിയ ടീം ഒരു തവണ മാത്രമാണ് ഫൈനലിലെത്തിയത്. സെർബിയൻ വിങ്ങർ ഡിജാൻ ഡ്രാസിക്, സ്പാനിഷ് താരം ഐക്കർ ഗുരോത്സേന, ബോർജ ഹെരേര എന്നിവരാണ് ടീമിലെ പുതിയ കരുത്ത്. സ്പാനിഷ് പരിശീലകനും ഇന്ത്യൻ ദേശീയ ടീം കോച്ചുമായ മനോലോ മാർക്വസിന്റെ കീഴിലാണ് ടീമൊരുങ്ങുന്നത്. പ്രതിരോധ താരം സെരിറ്റോൺ ഫെർണാണ്ടസാണ് ടീം നായകൻ.
നാലു വർഷത്തെ മാത്രം പാരമ്പര്യമാണ് ടീമിനുള്ളത്. അതിനിടയിൽ ഒരുതവണ ചാമ്പ്യന്മാരായി എന്നത് ഹൈദരാബാദ് എഫ്.സിയെ ഐ.എസ്.എല്ലിലെ മികച്ച ടീമുകളിലൊന്നാക്കി. അവസാന സീസണിൽ 12ാമതായാണ് ടീം കളി അവസാനിപ്പിച്ചത്. ജപ്പാൻ വിങ്ങർ സി ഗോദാർഡിനെ ടീമിലെത്തിച്ചു എന്നല്ലാതെ മറ്റു മികച്ച സൈനിങ്ങുകളൊന്നും ടീമിതുവരെ നടത്തിയിട്ടില്ല. തങ്ബോയി സിങ്തോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ബ്രസീലിയൻ മധ്യനിര താരം ജുഹാൻ വിക്ടറിന്റെ നായകത്വത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.
ഡൽഹി ഡൈനാമോസിൽനിന്ന് ഒഡിഷ എഫ്.സിയായി മാറിയ ടീം കഴിഞ്ഞ രണ്ടു സീസണുകളിൽ കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമാണ്. ചാമ്പ്യന്മാരായും തൊട്ടുപിന്നാലെ റണ്ണേഴ്സായുമാണ് രണ്ടു സീസണുകൾ അവർ അവസാനിപ്പിച്ചത്. ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന്റെ ക്യാപ്റ്റൻസിയിൽ കളത്തിലിറങ്ങുന്ന ടീമിന്റെ മുഖ്യ പരിശീലകൻ സെർജിയോ ലെബോറെയാണ്. മൊറോക്കൻ താരം ഹ്യൂഗോ ബൂമസ്, ഇന്ത്യൻ മുന്നേറ്റ താരം റഹീം അലി എന്നിവരാണ് ടീമിലെ മികച്ച പുതുമുഖക്കാർ.
കരുത്തരായാണ് 2017 -18 സീസണിലേക്ക് ജാംഷഡ്പുർ എഫ്.സി രംഗപ്രവേശം ചെയ്യുന്നത്. എന്നാൽ, 2012 -22 സീസണിൽ പ്ലേ ഓഫ് കളിച്ചു എന്നതൊഴിച്ച് ടീമിന് മികച്ചതെന്ന് പറയാൻ മറ്റൊരു സീസണും ഉണ്ടായിരുന്നില്ല. ജാവി സിവറിയോ, ജോർഡൻ മുറെ, ജാവി ഹെർണാണ്ടസ്, ലാസർ ക്രികോവിക്, സ്റ്റീഫൻ ഇസെ അടങ്ങുന്ന അഞ്ചംഗ വിദേശ നിരയെയാണ് ടീം ഇത്തവണ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇത് ടീമിന് നൽകുന്ന പ്രതീക്ഷയും വലുതാണ്. ഇന്ത്യൻ പരിശീലകൻ ഖാലിദ് ജാമിലാണ് ടീമിനായി ഇത്തവണ തന്ത്രങ്ങളൊരുക്കുന്നത്.
ഐ ലീഗിൽനിന്ന് പ്രമോഷനോടെ ഐ.എസ്.എല്ലിലെത്തിയ പഞ്ചാബിനിത് ഐ.എസ്.എല്ലിൽ രണ്ടാം സീസണാണ്. കഴിഞ്ഞ സീസണിൽ എട്ടാമതായി അവസാനിച്ച തേരോട്ടത്തിന് ഇത്തവണ മികച്ച പ്രകടനത്തിലൂടെത്തന്നെ മറുപടി പറയാനാണ് ടീമിന്റെ ഒരുക്കം. ക്രൊയേഷ്യൻ ഡിഫൻസിവ് മിഡ്ഫീൽഡർ ഫിലിപ് മിസ്ലാക്ക്, നോർവേ താരം മുഷാഗ ബകെംഗ, അർജന്റീനിയൻ മധ്യനിര താരം എസെക്വൽ വിഡാൽ എന്നിവരാണ് ടീമിനായി ഇത്തവണ ബൂട്ടണിയുന്ന പുതുമുഖങ്ങൾ. തന്ത്രങ്ങൾ മെനയാൻ ഗ്രീസ് പരിശീലകൻ പനാജിയോട്ടിസ് ഡിൽപെരിസിനെ ടീമിലെത്തിച്ചതിലൂടെ മികച്ച സീസണാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.
നേടാനുറച്ച് നെഞ്ചുവിരിച്ച് ഇറങ്ങിയാൽ കൈയിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് പറയാതെ പറയുകയാണ് ഡ്യൂറൻഡ് കപ്പിൽ കിരീടമുയർത്തിയതിലൂടെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഐ.എസ്.എല്ലിൽ രണ്ടുതവണ മാത്രം പ്ലേഓഫ് കളിച്ചെങ്കിലും ഈ സീസണിൽ അതിലും മികച്ച പ്രകനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മലയാളി താരം എം.എസ്. ജിതിൻ തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷകളിലൊന്ന്. കൂടാതെ, മൊറോക്കൻ ഫോർവേഡ് അലാഡിൻ അജറൈയെയും, സ്പാനിഷ് താരം ഗില്ലെർമോ ഫെർണാണ്ടസിനെയും സ്വന്തം തട്ടകത്തിലെത്തിച്ചാണ് മുന്നേറ്റ നിരയെ ടീം മൂർച്ചയുള്ളതാക്കിയത്. മലയാളി താരങ്ങളായ ഷിഗിൽ നമ്പ്രത്ത്, ഷാജൻ ഫ്രാങ്ക്ലിൻ, ഗോൾകീപ്പർ മിർഷാദ് മിച്ചു എന്നിവരും ടീമിനൊപ്പമുണ്ട്. സ്പാനിഷ് ലീഗിലടക്കം പരിശീലിപ്പിച്ച് പരിചയമുള്ള സ്പാനിഷ് പരിശീലകൻ ജുഹാൻ ബെനാലിയാണ് തന്ത്രങ്ങൾ മെനയുന്നത്.
ഐ.എസ്.എല്ലിൽ നാല് സീസണുകൾ പൂർത്തിയാക്കിയപ്പോഴും ഒമ്പതാം സ്ഥാനത്തിനിപ്പുറം കടക്കാൻ കഴിയാതിരുന്ന ടീം ഇത്തവണ രണ്ടുംകൽപിച്ചാണ് അങ്കത്തിനൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരൻ ഗ്രീസ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് സ്വന്തം തട്ടകത്തിലെത്തിച്ചു. 2023 ഡ്യൂറൻഡ് കപ്പിലെ ടോപ് സ്കോററുമായ ഡേവിഡ് ലാൽലൻസംഗയെ മുഹമ്മദൻസിൽ നിന്ന് സ്വന്തമാക്കി മറ്റൊരു നിർണായക നീക്കവും. ഫ്രഞ്ച് മുന്നേറ്റതാരം മാദിഹ് തലാൽ, പ്രതിരോധ താരം ജാക്സൺ സിങ് എന്നിവരും പുതുതായി എത്തിയവരാണ്. വി.പി. സുഹൈർ, കോഴിക്കോട്ടുകാരൻ സി.കെ. അമൻ, ജെസിൻ തോണിക്കര, വിഷ്ണു പുതിയവളപ്പിൽ എന്നിവർ മലയാളി സാന്നിധ്യമായി ടീമിലുണ്ട്. സ്പാനിഷ് പരിശീലകൻ കാർലെസ് ക്വാഡ്രാറ്റിന്റെ കീഴിൽ ടീം ഒരുങ്ങിത്തന്നെയാണ് അങ്കത്തിനെത്തുന്നത്. വൻ തുകക്ക് കൊണ്ടുവന്ന ഡിഫൻഡർ അൻവർ അലിയെ കരാർ ലംഘനത്തിന്റെ നാല് മാസത്തേക്ക് വിലക്കിയത് വൻ തിരിച്ചടിയാണ്.
ഏഴു വർഷത്തെ ഐ.എസ്.എൽ പാരമ്പര്യമാണ് ബംഗളൂരു എഫ്.സിക്ക്. അതിനിടയിൽ മൂന്ന് ഫൈനലുകളാണ് ടീം കളിച്ചത്. ഒരു കിരീടവും. കഴിഞ്ഞ സീസണിൽ ടേബിളിൽ പത്താമനായി അവസാനിച്ച തേരോട്ടത്തിന് ഇത്തവണ മറുപടി പറയാനൊരുങ്ങിയിരിക്കുകയാണ് സുനിൽ ഛേത്രിയുടെ ടീം.
സ്പാനിഷ് മുന്നേറ്റ താരം എഡ്ഗർ മെൻഡസ്, മുൻ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി താരം പെരേര ഡയസ്, ആൽബർട്ടോ നോഗുറെ, പെഡ്രോ കാപോ, രാഹുൽ ബേകേ എന്നിവരാണ് ടീമിന്റെ പുതിയ കണ്ടെത്തലുകൾ. കഴിഞ്ഞ ഡിസംബറിൽ പരിശീലകൻ സൈമൺ ഗ്രൈസന് പകരം ടീമിലെത്തിച്ച സ്പാനിഷ് താരം ജെറാർഡ് സെറഗോസയുടെ കീഴിലാണ് ടീം പരിശീലിക്കുന്നത്.
ഐ ലീഗിലെ ചാമ്പ്യൻ പട്ടത്തിന്റെ പെരുമയോടെ ഇന്ത്യൻ പോരാട്ട വീര്യങ്ങളുടെ സൂപ്പർ രാവിലേക്ക് ടിക്കറ്റെടുത്തിരിക്കയാണ് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. റഷ്യൻ മുൻ ഡിഫൻഡറായ ആന്ദ്രേ ചെർനിഷോവിന്റെ തന്ത്രങ്ങളോടെയാണ് ടീം കളിക്കളത്തിലിറങ്ങുന്നത്. മുഹമ്മദൻസിന്റെ പ്രതിരോധം കാത്തുസൂക്ഷിക്കാൻ വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂർക്കാരൻ മുഹമ്മദ് ഇർഷാദും മലയാളി സാന്നിധ്യമായി ടീമിലുണ്ട്. ഉസ്ബകിസ്താൻ താരം മിർജാലോൽ കാഷിമോവും അലക്സി ഗോമസും നയിക്കുന്ന മുൻനിര കരുത്തുറ്റതാണ്.
ഇറങ്ങിയ ആദ്യ സീസണിൽതന്നെ ടേബ്ൾ ടോപ്പേഴ്സ്, 2015ൽ രണ്ടാം ഐ.എസ്.എൽ ചാമ്പ്യന്മാർ, 2017 -18 സീസണിലും ജേതാക്കൾ, തൊട്ടടുത്ത വർഷം റണ്ണേഴ്സ്... ഇതാണ് ചെന്നൈയിൻ എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗിൽ തീർത്ത പെരുമ.
2019 -20 സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച സ്കോട്ടിഷ് കോച്ച് ഓവൻ കോയ്ലെയെ കഴിഞ്ഞ തവണ വീണ്ടും തിരിച്ചുവിളിച്ചിട്ടുണ്ട്. മുന്നേറ്റ നിരയെ കരുത്തുറ്റതാക്കാൻ ടീം ഇത്തവണ കണ്ടെത്തിയ വജ്രായുധമാണ് കൊളംബിയൻ സ്ട്രൈക്കർ വിൽമർ ജോഡൻ.
കൂടെ മോഹൻ ബഗാനിൽനിന്ന് കൂടുമാറിയെത്തിയ കിയാൻ നാസിരിയും കരുത്താകും. 21കാരൻ ലാൽറിൻലിയാന നാംതെ, ഇന്ത്യൻ ഡിഫൻഡർ വിഗ്നേഷ് ദക്ഷിണമൂർത്തി, ഡാനിയൽ ചിമ, എൽസിനോ, മന്ദർ റാവു ദേസായി എന്നിവർ മികച്ച തെരഞ്ഞെടുപ്പുകളിൽ ചിലതാണ്.
കൊൽക്കത്ത: എട്ടുമാസം നീളുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസണിന് വെള്ളിയാഴ്ച രാത്രി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഉദ്ഘാടന മത്സരത്തിനിറങ്ങും. തിരുവോണനാളായ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കളി. കൊച്ചിയിൽ പഞ്ചാബ് എഫ്.സി മഞ്ഞപ്പടക്ക് എതിരാളികാളാവും.
കൊൽക്കത്തൻ ഫുട്ബാളിലെ ബിഗ് ത്രീ എന്നറിയപ്പെടുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് എന്നിവർ ഒരുമിച്ച് ഇന്ത്യയുടെ ടോപ് ടയർ ലീഗിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയിൽ സ്ഥാനക്കയറ്റം നേടിയെത്തിയതാണ് മുഹമ്മദൻസ്. ഐ.എസ്.എൽ 2023 -24 സീസൺ ഫൈനലിൽ മുംബൈ സിറ്റി 3-1ന് ബഗാനെ തോൽപിച്ച് കിരീടം നേടുകയായിരുന്നു. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ബഗാൻ ഷീൽഡ് ജേതാക്കളുമായി.
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ചവരെന്ന വിശേഷണം പേറുന്ന ടീമാണ് ബഗാൻ. കളിച്ച നാലു സീസണുകളിൽ ഒരു കിരീടവും രണ്ടു ഫൈനലും ഒരു പ്ലേ ഓഫും. അതിന് നാലു വർഷം മാത്രമാണ് വേണ്ടിയിരുന്നത്. ആസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ, സ്കോട്ടിഷ് താരം ടോം ആൽഡ്രെഡ്, സ്പാനിഷ് പ്രതിരോധ താരം ആൽബെർട്ടോ റോഡ്രിഗ്വസ്, ഗോൾകീപ്പർ ധീരജ് സിങ് എന്നിവരാണ് മറിനേഴ്സ് തട്ടകത്തിലെത്തിച്ച പ്രമുഖർ. സ്പാനിഷ് തന്ത്രജ്ഞൻ ഫ്രാൻസിസ് മൊളിനയുടെ കീഴിലാണ് ടീമൊരുക്കം.
രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഐ.എസ്.എല്ലിൽ ഇനിയും ചരിത്രങ്ങൾ തീർക്കാനുണ്ട്. മാറിമാറിവരുന്ന സീസണുകളിൽ മികച്ച താരങ്ങളെത്തന്നെ കൊണ്ടുവരാൻ ഐലൻഡേഴ്സ് മാനേജ്മെന്റ് എക്കാലത്തും ശ്രമിച്ചതിന് ഉദാഹരണമായി താരങ്ങളുടെ പ്രകടനമികവുതന്നെ തെളിവാണ്. ഗോകുലം കേരളയിൽനിന്ന് എത്തിച്ച കോഴിക്കോട്ടുകാരൻ പി.എൻ. നൗഫലും, ഗോൾകീപ്പർ രഹ്നേഷും ടീമിന് ഇത്തവണ കരുത്താകും. സ്പാനിഷ് താരം ജോൺ ടോറൽ, ഗ്രീസ് മുന്നേറ്റ താരം നികോളാസ് കാരലിസ് എന്നിവരാണ് ടീം ഇത്തവണ ചെയ്ത സൈനിങ്ങുകളിൽ മികച്ചത്. ചെക്ക് പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ് ടീമിനായി തന്ത്രങ്ങൾ ഒരുക്കുന്നത്. ലാലിയൻസുവാല ചാങ്തെയാണ് ടീം നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.