റിയാദ്: അറബ് ക്ലബുകൾക്കായുള്ള കിങ് സൽമാൻ കപ്പ് ഫുട്‌ബാൾ മത്സരങ്ങൾക്ക് ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് തുടക്കം. ത്വാഇഫ്, അബഹ, അൽ ബാഹ എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്‌ഘാടനം ത്വാഇഫ് കിങ് ഫഹദ് സ്പോർട്സ് സിറ്റിയിലാണ്. യൂനിയൻ ഓഫ് അറബ് ഫുട്‌ബാൾ അസോസിയേഷൻ (യു.എ.എഫ്.എ) സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് സൗദി ഫുട്‌ബാൾ ഫെഡറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. നാല് ഗ്രൂപ്പുകളായി തിരിച്ച 16 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ ഫൈനൽ ആഗസ്റ്റ് 12 നാണ്. വിജയിക്കുന്ന ടീമിന് 60 ലക്ഷം ഡോളറും റണ്ണേഴ്‌സ് അപ്പിന് 25 ലക്ഷം ഡോളറുമാണ് സമ്മാനം.
എസ്പറൻസ് ടുണിസ്, ടുണീഷ്യൻ സ്ഫാക്‌സിയൻ, സൗദി ടീമായ അൽ ഇത്തിഹാദ്, ഇറാഖ് പൊലീസ് എന്നിവയാണ് ആദ്യ ഗ്രൂപ്പിലുള്ളത്. സൗദി ക്ലബ് അൽ ഹിലാൽ, മൊറോക്കോയുടെ വൈദാദ്, ഖത്തറിെൻറ അൽ സദ്ദ്, ലിബിയയുടെ അൽ അഹ്‌ലി ട്രിപ്പോളി എന്നിവരാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. മൂന്നാമത്തെ ഗ്രൂപ്പിൽ ഈജിപ്ഷ്യൻ ക്ലബ് സമാലിക്, സൗദി ക്ലബുകളായ അൽ നസ്ർ, അൽ ശബാബ്, ടുണീഷ്യയുടെ യൂനിയൻ സ്പോർട്ടീവ് മൊണാസ്ട്രിയൻ എന്നിവർ പരസ്പരം പൊരുതും.
നാലാമത്തെ ഗ്രൂപ്പിൽ മൊറോക്കോയുടെ രാജ, അൽജീരിയുടെ ശബാബ് ബെലൂയിസ്ദാദ്, കുവൈത്ത് സ്‌പോർട്‌സ് ക്ലബ്, യു.എ.ഇയുടെ അൽ വഹ്ദ എന്നിവർ മാറ്റുരക്കും. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരം ത്വാഇഫിൽ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് ആറിന് ടുണീഷ്യൻ സ്‌ഫാക്‌സിയനും ഇറാഖി പോലിസും തമ്മിലാണ്. ഇന്ന് രാത്രി 10 ന് സൗദിയുടെ അൽ ഇത്തിഹാദ് ടുണീഷ്യൻ എസ്‌പെറൻസിനെ നേരിടും. രണ്ടാം ഗ്രൂപ്പിലെ മത്സരങ്ങൾ ഇന്ന് അബഹ പ്രിൻസ് സുൽത്താൻ സിറ്റിയിലാണ് നടക്കുക. അവിടെ ആദ്യമത്സരം മൊറോക്കൻ ടീമായ വൈദാദ്, ഖത്തറിെൻറ അൽ സദ്ദ് എന്നിവർ തമ്മിലാണ്. രാത്രി എട്ടിന് സൗദിയുടെ അൽ-ഹിലാൽ ക്ലബ് അൽ അഹ്‌ലി ട്രിപ്പോളിയുമായി ഏറ്റുമുട്ടും. uafa.ticketmx.com എന്ന ലിങ്ക് വഴി ടിക്കറ്റുകൾ കരസ്ഥമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.