ലണ്ടൻ: വിജയക്കുതിപ്പിന് കരുത്തുപകർന്ന് കൂടെയുണ്ടാകേണ്ട മുൻനിര പരിക്കുമായി പുറത്തിരിക്കുമ്പോൾ പരാജയങ്ങൾ തുടർക്കഥയാകുന്നതാണ് ടീമുകളുടെ പഴംകഥ. കോച്ചുമാരുടെ നെടുവീർപ്പും കണ്ണീരും ആരാധകർ എളുപ്പം തങ്ങളുടേത് കൂടിയായി വരവുവെക്കുകയും ചെയ്യും. എന്നാൽ, പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ലിവർപൂൾ സമീപനാളുകളിൽ കുറിച്ചുകൊണ്ടിരിക്കുന്ന വിജയഗാഥകളിൽ ഇളമുറ കാട്ടുന്ന വീര്യവും ശൗര്യവുമാണ് ലോകമിപ്പോൾ കൺതുറന്ന് കാണുന്നത്. ലീഗ് കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ ചെറുതായിതുടങ്ങിയത് എഫ്.എ കപ്പിലെത്തുമ്പോഴേക്ക് പൂർണാർഥത്തിലാക്കിയായിരുന്നു ക്ലോപിന്റെ പരീക്ഷണം. മിക്കവാറും അണ്ടർ 21 നിരയായിരുന്നു സതാംപ്ടണെതിരെ ലിവർപൂളിനായി ഇറങ്ങിയത്.
ജയിച്ചത് എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്കും. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ 18കാരൻ ജെയ്ഡൻ ഡാൻസ് രണ്ടുവട്ടം ഗോളടിച്ചപ്പോൾ കൗമാരക്കാരൻ ലൂയിസ് കൂമാസ് ഒരിക്കലും വല കുലുക്കി. ഒന്നിന് അസിസ്റ്റ് നൽകാനുണ്ടായിരുന്നത് 19കാരനായ കെയ്ഡ് ഗോർഡനും. ലിവർപൂൾ ചരിത്രത്തിൽ ഒരേ കളിയിൽ 18കാർ മാത്രം ഗോളടിക്കുന്ന ആദ്യമത്സരം കൂടിയായി ഇത്. 16കാരൻ ട്രെയ് നിയോനി കളത്തിലിറങ്ങുകകൂടി ചെയ്ത മത്സരമായിരുന്നു ഇത്. ‘ക്ലോപിന്റെ കുട്ടികൾ’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിളിക്കുന്ന ഈ കുട്ടിപ്പട വൻമാർജിനിൽ ജയിച്ച സതാംപ്ടൺ അത്ര മോശം ടീമൊന്നുമല്ലെന്നുകൂടി അറിയണം. സ്റ്റെഫാൻ ബാജ്സെറ്റിക് അടക്കം ഇതിനകം ഇടമുറപ്പിച്ചവരെകൂടി ചേർത്താൽ ലിവർപൂളിന്റെ യുവനിര വരുംനാളുകളിൽ കുറിക്കാവുന്ന കുതിപ്പുകൾ ചെറുതാകില്ലെന്നുറപ്പ്.
അന്ന് കളിച്ച മൂന്നു പേർക്കും വേറെ ചിലതുമുണ്ട് സവിശേഷതകൾ- മൂവരുടെയും പിതാക്കൾ പഴയകാല ഫുട്ബാളിലെ രാജാക്കന്മായിരുന്നു. ജെയ്ഡൻ ഡാൻസിന്റെ പിതാവ് നീൽ ഡാൻസ്, കൂമാസിന്റെ പിതാവ് ജേസൺ കൂമാസ്, ബോബി ക്ലാർക്കിന്റെ പിതാവ് ലീ ക്ലാർക്ക് എന്നിവരെല്ലാം പഴയ പ്രീമിയർ ലീഗ് താരങ്ങളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.