നീലഗിരിയിൽ നടന്ന ഇന്റർനാഷനൽ ടൂർണ​മെന്റിൽ കിരീടം നേടിയ കോവളം എഫ്.സി ടീം

നീലഗിരിയില്‍ പൊലീസിനെ ഓടിച്ചിട്ട് പിടിച്ചു! കോവളം എഫ്.സി എന്തിനും തയാര്‍...

'എതിരാളിയുടെ വലിപ്പം കണ്ട് ഭയക്കരുത്, ആത്മവിശ്വാസത്തോടെ പന്ത് തട്ടുക. ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് നമ്മള്‍. അതുകൊണ്ട് പൊരുതുക, അവസാന നിമിഷം വരെ....' നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ നടന്ന രാജ്യാന്തര സോക്കര്‍ കപ്പ് ടൂര്‍ണമെന്റ് കളിക്കാന്‍ കോവളം എഫ്.സിയുടെ കുട്ടിപ്പട യാത്ര തിരിക്കുമ്പോള്‍ ഹെഡ് കോച്ച് എബിന്‍ റോസ് നല്‍കിയ ഉപദേശം ഇതായിരുന്നു.

ടെക്‌നിക്കല്‍ ഡയറക്ടറും മാനേജറുമായ ഇഗ്നേഷ്യസായിരുന്നു നീലഗിരിയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തത്. ഫൈനലില്‍ കരുത്തരായ കേരള പൊലീസിനെ നേരിടാനൊരുങ്ങുമ്പോള്‍ മുന്‍ സര്‍വീസസ് ഫുട്‌ബാള്‍ ടീമിന്റെ നായകന്‍ ഇഗ്നേഷ്യസ് കുട്ടികളോട് പറഞ്ഞത് ആസ്വദിച്ചു കളിക്കാനാണ്. ഒറ്റ ഗോള്‍ പോലും വാങ്ങിച്ചേക്കരുത്, തരിമ്പും വിട്ടുകൊടുക്കാതെ പോരാടുക. രണ്ട് പരിശീലകരുടെയും ഉപദേശത്തില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടയിരുന്നു യുവനിരയുടെ പടപ്പുറപ്പാട്.



പൊലീസിനെ മറിച്ചിടണം, കപ്പടിക്കണം!

നീലഗിരിയിൽ എട്ട് ടീമുകള്‍ പങ്കെടുത്ത നോക്കൗട്ട് ടൂര്‍ണമെന്റിന്റെ ഫൈനലിന് ഇതോടെ ആവേശമേറി. പൊലീസ് ടീമിന് ആത്മവിശ്വാസമേകാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം ഐ.എം. വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നു. നല്ല തണ്ടും തടിയുമുള്ള പോലീസ് ടീം ടൂര്‍ണമെന്റ് ഫേവറിറ്റുകളായിട്ടാണ് അറിയപ്പെട്ടത്. 4-3-3 ല്‍ പൊലീസ് മുഴുനീള ആക്രമണം ലക്ഷ്യമിട്ടു. അതിനെ തന്ത്രപൂര്‍വം നേരിടാന്‍ കോവളം എഫ്.സി 4-4-2 ഫോര്‍മേഷനാണ് സ്വീകരിച്ചത്. ആദ്യ പകുതിയില്‍ തന്നെ പൊലീസ് ഒന്നോ രണ്ടോ ഗോളിന് ലീഡെടുത്താല്‍, രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വാങ്ങിച്ച് കൂട്ടേണ്ടി വരും എന്ന ഭയം കോച്ച് ഇഗ്നേഷ്യസിനുണ്ടായിരുന്നു. കാരണം, പൊലീസ് താരങ്ങള്‍ക്ക് ഉയരത്തിന്റെ മുൻതൂക്കമുണ്ടായിരുന്നു.

പൊലീസുകാരെ ബോക്‌സിലേക്ക് കടത്തിവിടാനോ ഷൂട്ട് ചെയ്യാനോ അനുവദിക്കാതിരിക്കുക എന്നതായിരുന്നു കോവളം ടീം ആദ്യന്തം കാണിച്ച ജാഗ്രത. ഒപ്പം വേഗമേറിയ ഗ്രൗണ്ട് പാസുകളും ത്രൂപാസുകളും കളിക്കുക. ഫലം, ആദ്യ പകുതിയില്‍ തന്നെ ലഭിച്ചു, ഒരു ഗോളിന് ലീഡ്. മുന്നിട്ട് നില്‍ക്കുമ്പോഴും പ്രതിരോധത്തിലേക്ക് വലിയാതെ അതേ ഫോര്‍മേഷനില്‍ തന്നെ കളിച്ചു. രണ്ടാം പകുതിയില്‍ കോവളം തന്ത്രം മാറ്റി. ഒരു സ്‌ട്രൈക്കറെ ഹാഫിലേക്ക് പിന്‍വലിച്ച് പ്രതിരോധം ശക്തമാക്കി. ഒരു സ്‌ട്രൈക്കറെ ഹാഫിന് മുകളില്‍ പൊലീസിന്റെ അവസാന ഡിഫന്‍ഡര്‍ക്കൊപ്പം തന്നെ നിര്‍ത്തുകയും ചെയ്തു. ഇതോടെ, എതിരാളികൾ സമ്മര്‍ദത്തിലായി. ഇത് മുതലെടുത്ത് കോവളം എഫ്.സി ഒരു ഗോള്‍ കൂടി അടിച്ചു കയറ്റി. അടിമലത്തറെ സ്വദേശി മനോജും പരുത്തിയൂര്‍ സ്വദേശി ജിത്തു തദേയൂസുമായിരുന്നു പൊലീസ് വല കുലുക്കിയത്.



സര്‍വീസസിനായി മൂന്ന് തവണ ക്യാപ്റ്റനായത് ഉള്‍പ്പടെ എട്ട് വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ഇഗ്നേഷ്യസ് തന്റെ പട്ടാള ഭാഷയില്‍ പറഞ്ഞത് പോലെ പൊലീസ് താരങ്ങളെ കോവളം എഫ്.സി താരങ്ങള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു!

ഇത് യുവനിരയുടെ വിജയം

കേരള പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച രണ്ട് സ്‌ട്രൈക്കര്‍മാര്‍ ഉള്‍പ്പടെ സീനിയര്‍ താരങ്ങളെ ഒഴിവാക്കി യൂത്ത് ടീമിലെ കളിക്കാരെയാണ് കോവളം എഫ് സി നീലഗിരി ടൂര്‍ണമെന്റിന് അയച്ചത്. അതുകൊണ്ടു തന്നെ കിരീടവിജയം എബിന്‍ റോസും ഇഗ്നേഷ്യസും പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു മത്സരപരിചയം അത്രമാത്രമായിരുന്നു ലക്ഷ്യമിട്ടത്. ഈ വിജയം നല്‍കുന്ന പ്രതീക്ഷയും ആവേശവും കുറച്ചൊന്നുമല്ലെന്ന് എബിന്‍ റോസ് പറയുന്നു. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരിശീലനത്തിന് വരാന്‍ മടിച്ചു നിന്നവരൊക്കെ അടിമുടി മാറി. റെഗുലര്‍ ട്രെയ്‌നിങ്ങിന് ഇപ്പോള്‍ 99 ശതമാനം അറ്റന്‍ഡന്‍സാണ്. കുട്ടികളെല്ലാം ആവേശത്തിലാണ്. നീലഗിരിയിലെ ഇന്റർനാഷനൽ ടൂർണമെന്റിലെ കിരീടം കോവളം എഫ്.സിക്ക് പുത്തന്‍ ഊര്‍ജമാണ് പകർന്നത്. ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് പോരാം എന്ന ചിന്ത കുട്ടികള്‍ക്ക് മാറി, ഏത് ടീമിനെയും വീഴ്ത്താനുള്ള കരുത്തുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു -എബിന്‍ റോസ് പറഞ്ഞു.

ഷെറിന്‍, സായൂജ്, ആന്റണി, സാംസണ്‍, രഞ്ജിത്, ജോയ്, റിസ്വാന്‍, അക്ഷയ്, ജിത്തു, മനോജ്, അബിന്‍, വിഷ്ണു, അലന്‍, റുഫ്‌സാല്‍, ദിലു, ഷുഹൈബ്, ബെനിസ്റ്റന്‍, നന്ദു എന്നിവരാണ് രാജ്യാന്തര സോക്കര്‍ കപ്പ് ജയിച്ച കോവളം എഫ്.സി ടീം അംഗങ്ങള്‍.


Full View


അരുമാനൂര്‍ കേന്ദ്രമാക്കിയാണ് കോവളം എഫ്.സിയുടെ പ്രവര്‍ത്തനം. അരുമാനൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സ്വന്തം നിലയ്ക്ക് സ്റ്റേഡിയം, ഹോസ്റ്റല്‍ എന്നിവയുണ്ട്. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി ഇരുനൂറിനടുത്ത് വിദ്യാര്‍ഥികള്‍ ഇവിടെ നിന്ന് പരിശീലനം നേടുന്നു. തീരദേശ മേഖലയില്‍നിന്ന് ഏറ്റവും മികച്ച പ്രതിഭകളെ കണ്ടെത്താനും വാര്‍ത്തെടുക്കാനും ലക്ഷ്യമിട്ട് എബിന്‍ റോസിന്റെ ആശയത്തില്‍ 2007 ല്‍ തുടങ്ങിയ കോവളം എഫ്.സിയില്‍ ഇന്ന് കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയിലെ കുട്ടികളുണ്ട്.


ഉയരങ്ങൾ കീഴടക്കാൻ പിന്തു​ണ വേണം

സന്തോഷ് ട്രോഫി ജേതാവും ഐ ലീഗ് താരവുമായിരുന്ന എബിന്‍ റോസും ബ്രിട്ടീഷ് ഇന്ത്യക്കാരനായ പാട്രിക് രാമനുമായിരുന്നു കോവളം എഫ്.സിയുടെ ആദ്യകാല പരിശീലകര്‍. ഇപ്പോള്‍ എബിനൊപ്പം സന്തോഷ് ട്രോഫി സര്‍വീസസ് നായകനായിരുന്ന ഇഗ്നേഷ്യസ്, ഗോള്‍ കീപ്പര്‍ കോച്ചായ മുന്‍ കേരള ടീം നായകന്‍ ജോബി ജോസഫ്, യൂത്ത് ജൂനിയര്‍ ടീം കോച്ചുമാരായി വിപിന്‍ദാസ്, ബെനിസ്ടണ്‍, അതീഷ്, ആന്റണി, സാംസണ്‍ എന്നിവരും അണിചേരുന്നു. എന്‍.ആര്‍.ഐ ആയ ടി.ജെ. മാത്യുവാണ് ക്ലബിന്റെ പ്രസിഡന്റ്. കേരള ട്രാവല്‍സിന്റെ ചന്ദ്രഹാസന്‍ ചെയര്‍മാനും ബാബു സേവ്യര്‍ സെക്രട്ടറിയുമാണ്.



കേരളത്തില്‍ നിന്ന് നിലവാരമുള്ള പ്രൊഫഷനല്‍ ക്ലബായി മാറാനുള്ള കോവളം എഫ്.സിയുടെ യാത്ര അധികം വൈകാതെ ലക്ഷ്യത്തിലെത്തുമെന്ന സൂചനയാണ് നീലഗിരി ടൂര്‍ണമെന്റ് നല്‍കിയത്. ഫെഡറൽ ബേങ്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ കേരള പ്രീമിയര്‍ ലീഗ് കളിക്കുന്ന കോവളം എഫ്.സിക്ക് ന്യൂട്രീഷന്‍ സപ്പോര്‍ട്ടറായി അദാനി ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നുണ്ട്.

കെ.പി.എല്‍ കളിക്കാന്‍ 50 ലക്ഷം രൂപയെങ്കിലും ആവശ്യമായിരിക്കെ 10 ലക്ഷം രൂപയുടെ ചെറിയ ബജറ്റിലാണ് കോവളം എഫ്.സി ടീമിനെ ഒരുക്കുന്നത്. കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ വലിയ സാമ്പത്തിക ബജറ്റ് അനിവാര്യമാണ്. നീലഗിരിയിലെ വിജയം കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കോവളം എഫ്.സി അധികൃതര്‍.




Tags:    
News Summary - Kovalam FC is eager to reach new heights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.