കണ്ണൂർ: കേരള പ്രീമിയർ ലീഗ് രണ്ടാംഘട്ട മത്സരങ്ങളിൽ കണ്ണൂരിൽ ആദ്യ ദിനംതന്നെ ഗോൾവർഷം. ആദ്യമത്സരത്തിൽ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് എഫ്.സി കേരളയെ ഗോകുലം എഫ്.സി പരാജയപ്പെടുത്തി. മത്സരം ആരംഭിച്ച് 24ാം മിനിറ്റിൽ ഗോകുലം എഫ്.സി വലകുലുക്കി. അമൻ ഗെയക് വാദിന്റേതായിരുന്നു മനോഹരമായ ആ കിക്ക്. 32ാം മിനിറ്റിലും 53ാം മിനിറ്റിലും മുഹമ്മദ് ആഷിഖ് ഓരോ ഗോൾ നേടി മുന്നേറി. 35ാം മിനിറ്റിലും 64ാം മിനിറ്റിലും ഒാരോ ഗോൾ വീതംകൂടി നേടി ടി. ഷിജിൻ ഗോൾനില അഞ്ചാക്കി.
41ാം മിനിറ്റിൽ കണ്ണൂരുകാരൻ അണ്ടർ-23 ഇന്ത്യൻ താരം സൗരവിന്റേതായിരുന്നു ആറാം ഗോൾ. 67ാം മിനിറ്റിൽ പി.ടി. മുഹമ്മദ് ബാസിത് ഏഴാം ഗോൾ നേടി. ക്രോസ് വന്ന പന്ത് എഫ്.സി കേരള ഡിഫൻഡർ വി.പി. വിഷ്ണു പ്രകാശിന്റെ കാലിൽ തട്ടി സെൽഫ് ഗോളായതോടെ ഗോളുകളുടെ എണ്ണം എട്ടായി. രണ്ടാം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാദമി-കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി മത്സരം സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലെ 57ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ടി.പി. ഷിജാസാണ് ആദ്യ ഗോൾ നേടിയത്. 70ാം മിനിറ്റിൽ ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാദമിക്കുവേണ്ടി എ. ടോണി ഗോൾ നേടിയതോടെ മത്സരം 1-1 സമനിലയിലായി. 73ാം മിനിറ്റിൽ ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാദമി താരം ഷാറോൺ ആന്റണി ഒരു ഗോൾ നേടി. ഇതോടെ 2-1ന് ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാദമി മുന്നിലെത്തി. 82ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരം മുഹമ്മദ് സനൂത്ത് ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 2-2ലെത്തിച്ചു. ഇതോടെ മത്സരം സമനിലയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.