പാരിസ്: യൂറോ 2020 കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളുടെ ദിനത്തിൽ എംബാെപ്പ ദുരന്ത നായകനായപ്പോൾ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും വഴി പുറത്തേക്ക്. ആദ്യം ഗോൾ വഴങ്ങിയും പിന്നീട് തുടരെ മൂന്നെണ്ണം തിരിച്ചടിച്ച് മുന്നിെലത്തിയും ചാമ്പ്യന്മാരെന്നു തെളിയിച്ച ശേഷമായിരുന്നു ഫ്രാൻസ് എല്ലാം വേണ്ടെന്നുവെച്ച് സ്വിറ്റ്സർലൻഡിന് ക്വാർട്ടറിലേക്ക് വഴി തുറന്നുകൊടുത്തത്. രണ്ടു ഗോളും തിരിച്ചടിച്ച സ്വിറ്റ്സർലൻഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഫ്രഞ്ച് നിരയിൽ അവസാന പെനാൽറ്റിയെടുത്ത എംബാപ്പെ സ്വിസ് ഗോളി സോമറുടെ കൈകളിലേക്ക് അടിച്ചുനൽകുകയായിരുന്നു.
19ാം വയസ്സിൽ ഫ്രാൻസിന് ലോകകിരീടം നൽകിയ കൗമാരക്കാരനെന്ന അതിമാനുഷ പദവി തലയിൽ ഇപ്പോഴും ചൂടിനിൽക്കുന്നതിനിടെയായിരുന്നു എംബാപ്പെ അവസാന പെനാൽറ്റി കളയുന്നതും നെതർലൻഡ്സിനു പിന്നാലെ മറ്റൊരു അട്ടിമറിയായി ഫ്രാൻസ് പുറത്താകുന്നതും.
ഉടനീളം അദ്ഭുതങ്ങൾ കണ്ട മത്സരമായിരുന്നു തിങ്കളാഴ്ച രാത്രിയിലേത്. ആദ്യം ഗോൾ നേടിയത് സ്വിറ്റ്സർലൻഡ്, അതും 15ാം മിനിറ്റിൽ. ഹാരിസ് സെഫറോവിച്ചായിരുന്നു സ്കോറർ. അതോടെ ഉണർന്ന ഫ്രാൻസ് തിരിച്ചടിക്കാൻ തിരക്ക് കൂട്ടിയെങ്കിലും ഗോൾ പിറക്കുന്നത് രണ്ടാം പകുതിയിൽ. എംബാപ്പെയിൽനിന്ന് വാങ്ങിയ പന്തുമായി ഗോളിയെയും കടന്ന് 57ാം മിനിറ്റിൽ സമനില നൽകിയ കരീം ബെൻസേമ രണ്ട് മിനിറ്റ് കൂടി കഴിഞ്ഞ് പിന്നെയും ലക്ഷ്യം കണ്ട് ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഇത്തവണ ഗ്രീസ്മാനുമൊന്നിച്ചായിരുന്നു മനോഹരമായ മുന്നേറ്റം. 16 മിനിറ്റിനിടെ 25 വാര അകലെനിന്ന് പോൾ പോഗ്ബയുടെ ക്ലാസ് ഷോട്ടിൽ ഫ്രാൻസ് 3-1ന് മലയോളം മുകളിൽ. അതോടെ എല്ലാം കഴിഞ്ഞെന്നു വിശ്വസിച്ച ഫ്രാൻസിനു മേൽ ഇടിത്തീയായി ഹാരിസ് സെഫേറാവിച്ച് 81ാം മിനിറ്റിൽ വീണ്ടും ഗോളുമായെത്തി. അപ്പോഴും തളരാതെ മൈതാനത്തുനിന്ന ഫ്രഞ്ച് പടയുടെ നെഞ്ചിലേക്ക് മരിയോ ഗവറാനോവിച്ച് മൂന്നാം വെടിയും പൊട്ടിച്ചു- കളി സമനിലയിൽ.
എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ ഉടനീളം മുന്നിൽനിന്നത് ഫ്രാൻസ്. പോഗ്ബ സൃഷ്ടിച്ച ഗോളവസരം തളികയിലെന്ന പോലെ വെച്ചുനീട്ടിയത് എംബാപ്പെക്ക്. പക്ഷേ, 12 വാര അകലെനിന്ന് പോസ്റ്റിലേക്ക് തട്ടിയിടുന്നതിന് പകരം അടിച്ചുകളഞ്ഞത് പുറത്തേക്ക്.
ഇതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ആദ്യം കിക്കെടുത്ത സ്വിറ്റ്സർലൻഡ് താരങ്ങൾ അഞ്ചും അനായാസം വലയിലെത്തിച്ചു. മറുവശത്ത്, ആദ്യ നാലും ലക്ഷ്യം കണ്ട ഫ്രാൻസിനുവേണ്ടി അഞ്ചാം കിക്ക് എടുക്കാനെത്തിയത് എംബാപ്പെ. എല്ലാം കണക്കുകൂട്ടി പതിയെ അടിച്ച പന്ത് സ്വിസ് ഗോളി സോമർ കുത്തിയകറ്റി. അതോടെ, അണപൊട്ടിയ ആവേശവുമായി മൈതാനത്ത് സ്വിസ് തേരോട്ടം. പലപ്പോഴായി കളഞ്ഞുകുളിച്ച അവസരങ്ങൾ അവസാനം പെനാൽറ്റിയിൽ പൂർത്തിയാക്കിയ എംബാപ്പെക്കൊപ്പം ഫ്രാൻസിനും ദുരന്തത്തിെൻറ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.