പാരിസ്: സീസണൊടുവിൽ ക്ലബ് വിടാൻ തീരുമാനിച്ചതായി പി.എസ്.ജിയെ അറിയിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ഈ വർഷം കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മഡ്രിഡ് അടക്കം വമ്പന്മാരെ കൊതിപ്പിച്ച് താരത്തിന്റെ പുതിയ നീക്കം. ഏറെയായി ഇതുസംബന്ധിച്ച് അഭ്യൂഹം വ്യാപകമാണെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു.
കഴിഞ്ഞ സീസൺ അവസാനത്തിൽ താരം റയലിലെത്തിയെന്ന് വാർത്തകൾ പരന്നത് ക്ലബും താരവും തമ്മിൽ പടലപ്പിണക്കത്തിനിടയാക്കിയിരുന്നു. ആദ്യ ഇലവനിൽനിന്ന് മാറ്റിനിർത്തിയും പ്രീസീസണിൽ തീരെ കൂട്ടാതെയും മാനേജ്മെന്റ് പ്രതികാരം തീർത്തെങ്കിലും പിന്നീട് ഒത്തുതീർപ്പായി. ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ടീമിന് ജയമൊരുക്കി ആദ്യ ഗോൾ നേടിയത് എംബാപ്പെ ആയിരുന്നു. ഫ്രഞ്ച് ലീഗിൽ പി.എസ്.ജി ബഹുദൂരം മുന്നിൽ ഒന്നാമതാണ്. ഏറെയായി കിരീട ജേതാക്കളും ടീം തന്നെയാണ്. എന്നാൽ, പ്രതിവർഷം 21.5 കോടി ഡോളർ (ഏകദേശം 1785 കോടി രൂപ) നൽകി നിലനിർത്തിയിട്ടും ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം പിടിക്കാൻ എംബാപ്പെക്കായിട്ടില്ല.
എംബാപ്പെകൂടി മടങ്ങുന്നതോടെ നേരത്തേ ലയണൽ മെസ്സി, നെയ്മർ എന്നിവർക്കൊപ്പമുണ്ടായിരുന്നു സൂപ്പർ താരത്രയത്തിലെ അവസാനക്കാരനും മടങ്ങും. പാരീസ് ടീമിനൊപ്പം 290 കളികളിൽ 243 ഗോളുകളാണ് സമ്പാദ്യം. അഞ്ചുതവണ ലിഗ് വൺ കിരീടം പിടിച്ചിട്ടുണ്ട്. നേരത്തേ മൊണാക്കോക്കൊപ്പമായിരുന്നപ്പോൾ ടീമും ലീഗ് വൺ ചാമ്പ്യന്മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.