പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും മറ്റൊരു ഗോളിന് വഴിയൊരുക്കിയും സൂപ്പർതാരം കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ ലീഗ് വണ്ണിൽ കരുത്തരായ പി.എസ്.ജിക്ക് തകർപ്പൻ ജയം.
ഏകപക്ഷീയമായ മൂന്നു ഗോളിന് സ്ട്രാസ്ബർഗിനെയാണ് പി.എസ്.ജി വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ നീസ് ഒരു ഗോളിന് മാർസെയിലിനെ പരാജയപ്പെടുത്തി പോയന്‍റ് ടേബ്ളിൽ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാമതുള്ള പി.എസ്.ജിയേക്കാൾ ഒരു പോയന്‍റിന്‍റെ ലീഡാണ് നീസിനുള്ളത്.
മത്സരത്തിന്‍റെ 10ാം മിനിറ്റിൽ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് പി.എസ്.ജിയുടെ അക്കൗണ്ട് തുറന്നത്. ഗോൺസാലോ റാമോസിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.
ഇതോടെ ക്ലബിനായി എംബാപ്പെയുടെ സീസണിലെ ഗോൾ നേട്ടം ഒമ്പതായി. 31ാം മിനിറ്റിൽ കാർലോസ് സോളർ ടീമിന്‍റെ ലീഡ് ഉയർത്തി. എംബാപ്പെയുടെ അസിസ്റ്റിൽനിന്നാണ് ഗോൾ നേടിയത്. 77ാം മിനിറ്റിൽ സോളറിന്‍റെ അസിസ്റ്റിൽ ഫാബിയാൻ റൂയിസിന്‍റെ വകയായിരുന്നു ടീമിന്‍റെ മൂന്നാം ഗോൾ. മൊറോക്കൻ താരം അഷ്റഫ് ഹക്കീമി, ഫ്രഞ്ച് താരം ഓസ്മാൻ ഡെംബെല എന്നീ സൂപ്പർതാരങ്ങളെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ലൂയിസ് എൻറിക്വെ ടീമിനെ കളത്തിലിറക്കിയത്.
ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനോട് 4-1ന്‍റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയശേഷമുള്ള പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. നിലവിൽ ഒമ്പത് കളികളിൽനിന്ന് 19 പോയന്‍റാണ് നീസിനുള്ളത്. പി.എസ്.ജിക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 18 പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.