യൂറോപ്യൻ ഫുട്ബാളിലെ സമ്മർ ട്രാൻസ്ഫർ വിപണിയിൽ ഇപ്പോൾ ചൂടുള്ള ചർച്ച ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയാണ്. പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ക്ലബിൽനിന്ന് കൂടുമാറ്റം ആഗ്രഹിക്കുന്ന സൂപ്പർതാരത്തെ സ്വന്തമാക്കാനായി സ്പാനിഷ്, പ്രീമിയർ ലീഗ് ക്ലബുകളെല്ലാം രംഗത്തുണ്ട്.
പി.എസ്.ജിയുമായി 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കുന്നില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ നിലപാട് കടുപ്പിച്ച് ക്ലബ് അധികൃതർ രംഗത്തുവന്നു. താരത്തിന് വേണമെങ്കിൽ കരാർ പുതുക്കി ക്ലബിൽ തുടരാമെന്നും അല്ലെങ്കിൽ ക്ലബ് വിടാമെന്നും പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി വ്യക്തമാക്കി. എന്നാൽ, ഫ്രീ ട്രാൻസ്ഫറിൽ പാരിസ് വിട്ടുപോവാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സൂപ്പർതാരം ലയണൽ മെസ്സി ഫ്രീ ഏജന്‍റായാണ് ക്ലബ് വിട്ടത്. സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് അഞ്ച് വര്‍ഷത്തെ കരാറാണ് എംബാപ്പെക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. പ്രീമിയർ ലീഗ് ക്ലബുകളായ ചെത്സിയും ആഴ്സണലും താരത്തിനായി ശക്തമായി രംഗത്തുണ്ട്. അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞദിവസം എംബാപ്പെ പി.എസ്.ജി താരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയിരുന്നു. ബ്രസീൽ സൂപ്പർതാരം നെയ്മറും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
മെസ്സിക്കു പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി പോകുന്നത് ക്ലബിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ പി.എസ്.ജി, നൂറ്റാണ്ടിന്‍റെ കരാറാണ് ഫ്രഞ്ച് താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. 100 കോടി യൂറോ പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ അവിശ്വസനീയ കരാർ. താരം അംഗീകരിക്കുകയാണെങ്കിൽ ഫുട്‌ബാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാകും. 24 വയസ്സുള്ള ഫ്രഞ്ച് താരത്തിന് 34 വയസ്സുവരെ ക്ലബിൽ തുടരാനാകും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ പറയാം.
കരാറുമായി മുന്നോട്ടുപോകാൻ നാസർ അൽ ഖലീഫി ക്ലബ് അധികൃതർക്ക് അനുവാദം നൽകിയതായി വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖലീഫ് എംബാപ്പെയുമായി വരുംദിവസം കൂടിക്കാഴ്ച നടത്തിയേക്കും. പി.എസ്.ജിയുടെ കിടിലൻ ഓഫറിനു മുന്നിൽ എംബാപ്പെ വീഴുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.