മൂന്നു കളികൾ ജയിച്ച് എത്തിയവരെന്ന ആവേശത്തിൽ ആദ്യ അര മണിക്കൂർ മൈതാനത്തു പിടിച്ചുനിന്നതേ പെയ്സ് ഡി കാസലിന് ഓർമയിലുണ്ടാകൂ. പിന്നീട് ഒരു മണിക്കൂറിനിടെ സ്വന്തം പോസ്റ്റിനുള്ളിൽ പറന്നുകയറിയത് ഏഴു ഗോളുകൾ. അതിൽ അഞ്ചെണ്ണം നേടുകയും ഒന്ന് അസിസ്റ്റ് നൽകുകയും ചെയ്ത് എംബാപ്പെ കളിയിലെ താരമാകുകയും ചെയ്തു.
ഫ്രഞ്ച് കപ്പിലായിരുന്നു ഒട്ടും ചേരാത്ത രണ്ടു ടീമുകൾ തമ്മിലെ ഏകപക്ഷീയ പോരാട്ടം. മൂന്നു കളികൾ ജയിച്ച് അവസാന 32ലെത്തിയ പെയ്സ് ഡി കാസൽ ഗോൾ വഴങ്ങാതെ ഓടിനടന്നത് 29 മിനിറ്റ്. അതുവരെയും എതിരാളികളെ പരമാവധി പിടിച്ചും ചെറിയ അവസരങ്ങൾ സൃഷ്ടിച്ചും വല കാത്തവർക്കു പക്ഷേ, പിന്നീട് കാഴ്ചക്കാരുടെ റോൾ മാത്രമായി. സ്കോറിങ് തുടങ്ങി എംബാപ്പെയാണ് എതിരാളികൾക്ക് വരാനിരിക്കുന്നതിന്റെ സൂചന നൽകിയത്. നാലു മിനിറ്റ് കഴിഞ്ഞ് നെയ്മർ അടുത്ത വെടി പൊട്ടിച്ചു. ഇടവേളക്ക് പിരിയുംമുമ്പ് രണ്ടുവട്ടം കൂടി എംബാപ്പെ എതിർവല കുലുക്കി.
രണ്ടാം പകുതിയിലും എംബാപ്പെ മാത്രമായിരുന്നു ചിത്രത്തിൽ. പിറന്ന മൂന്നു ഗോളിൽ രണ്ടെണ്ണവും താരത്തിന്റെ ബൂട്ടിൽനിന്നുപറന്നെത്തിയവ. ഒരെണ്ണം സോളർ വകയും. വമ്പൻ ജയവുമായി മടങ്ങിയ പി.എസ്.ജിക്ക് കരുത്തരായ മാഴ്സയുമായാണ് പ്രീക്വാർട്ടർ മത്സരം. സീസണിൽ ഇതോടെ ടീമിനായി എംബാപ്പെയുടെ ഗോൾ സമ്പാദ്യം 24 കളികളിൽ 25 ആയി. ലോകകപ്പിനു ശേഷം ആറും. പി.എസ്.ജി നിരയിൽ ആദ്യമായാണ് ഒരു താരം അഞ്ചു ഗോൾ അടിക്കുന്നത്. ഹാട്രിക് പൂർത്തിയാക്കാനെടുത്തത് വെറും 12 മിനിറ്റ്. ലോകകപ്പിനു ശേഷം താരത്തിന്റെ ആദ്യ ഹാട്രികായിരുന്നു ഇത്. പി.എസ്.ജിക്കായി താരത്തിന്റെ പേരിൽ 196 ഗോളുകൾ. നാലെണ്ണം അധികം നേടിയ എഡിൻസൺ കവാനി മാത്രമാണ് മുന്നിൽ.
കളി ഇത്തിരിക്കുഞ്ഞന്മാർക്കെതിരെയായതിനാൽ മെസ്സി കരക്കിരുന്ന കളിയിൽ എംബാപ്പെക്കൊപ്പം നെയ്മറും മുന്നേറ്റത്തിൽ മുഴുസമയവും ഇറങ്ങി. അമച്വർ ടീമിനെതിരെ കളിച്ചു ജയിച്ചത് അനുഭവമായി കാണുന്നതായി പിന്നീട് എംബാപ്പെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.