സ്പാനിഷ് ലാ ലിഗയിൽ ജയത്തോടെ ലീഡ് ഉയർത്തി കരുത്തരായ റയൽ മഡ്രിഡ്. സെവിയ്യയെ ഏകപക്ഷീമായ ഒരു ഗോളിനാണ് റയൽ തോൽപിച്ചത്. സൂപ്പർതാരം ലൂക്ക മോഡ്രിച്ചാണ് വിജയഗോൾ നേടിയത്.
പരിക്കേറ്റ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമില്ലാതെ തുടർച്ചയായ മൂന്നാം മത്സരത്തിനാണ് കാർലോ ആഞ്ചലോട്ടിയും സംഘവും സ്വന്തം കാണികൾക്കു മുന്നിലിറങ്ങിയത്. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും സുവർണാവസരങ്ങൾ ലഭിച്ചു. ഇതിനിടെ റയൽ താരം ലൂകാസ് വാസ്ക്വസിന്‍റെ ഗോൾ വാർ പരിശോധനയിൽ റഫറി നിഷേധിച്ചു.
ഗോളിലേക്കുള്ള നീക്കത്തിനിടെ പ്രതിരോധ താരം നാച്ചോ സെവിയ്യയുടെ യൂസഫ് എൻ നസ്രിയെ ഫൗൾ ചെയ്തത് ഏറെനേരത്തെ വാർ പരിശോധനയിൽ റഫറി അനുവദിക്കുകയായിരുന്നു. മുൻ റയൽ താരം സെർജിയ റാമോസിന്‍റെ നേതൃത്വത്തിലാണ് റയലിന്‍റെ നീക്കങ്ങളെല്ലാം സെവിയ്യ പ്രതിരോധിച്ചത്. ഒടുവിൽ മത്സരം സമനിലയിൽ പിരിയുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പകരക്കാരനായി കളത്തിലിറങ്ങിയ ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിച്ച് റയലിന്‍റെ വിജയഗോൾ നേടുന്നത്.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലിന് 26 മത്സരങ്ങളിൽനിന്ന് 65 പോയന്‍റായി. രണ്ടാമതുള്ള ബാഴ്സലോണയേക്കാൾ എട്ടു പോയന്‍റിന്‍റെ ലീഡ്. 26 മത്സരങ്ങളിൽനിന്ന് 57 പോയന്‍റാണ് ബാഴ്സക്ക്. തിങ്കളാഴ്ച രാത്രി റയോ വല്ലെകാനോയുമായുള്ള മത്സരത്തിൽ ജയിക്കുകയാണെങ്കിൽ ജിറോണക്ക് ബാഴ്സയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.