ബുണ്ടസ് ലീഗ കിരീടത്തിന് പിന്നാലെ യൂറോപ്പ ലീഗിൽ സെമിയിലേക്ക് മുന്നേറി ജർമൻ ക്ലബ് ബയേർ ലെവർകുസൻ. ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമുമായി 1-1ന് സമനില പിടിച്ച സാബി അലോൻസോയുടെ സംഘം തോൽവിയറിയാത്ത കുതിപ്പ് 44 മത്സരങ്ങളായി ഉയർത്തി. ആദ്യപാദ മത്സരത്തിൽ 2-0ത്തിന് ജയിച്ച ലെവർകുസൻ മൊത്തം സ്കോർ 3-1 ആയി ഉയർത്തിയാണ് സ്വപ്നസെമിയിലേക്ക് കുതിച്ചത്.
13ാം മിനിറ്റിൽ ജറോഡ് ബോവന്റെ അത്യുഗ്രൻ ക്രോസിൽ മിഖായിൽ അന്റോണിയോ ഹെഡറിലൂടെ വല കുലുക്കിയതോടെ വെസ്റ്റ്ഹാം മുന്നിൽ കടന്നു. തുടർന്നും ആക്രമിച്ചു കളിച്ച വെസ്റ്റ്ഹാമിനായി കുദുസും ബോവനും ഗോളിനടുത്തെത്തിയെങ്കിലും ലെവർകുസൻ ഗോൾകീപ്പർ കൊവാറിനെ കീഴടക്കാനായില്ല.
രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ലെവർകുസൻ അവസരങ്ങളുമൊരുക്കി. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ സുവർണാവസരം തുലച്ച ജെറമി ഫ്രിംപോങ് തന്നെ നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ സമനില ഗോളും സമ്മാനിക്കുകയായിരുന്നു. സെമിയിൽ എ.എസ് റോമയാണ് ലെവർകുസന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ റോമയോട് സെമിയിൽ തോറ്റ ലെവർകുസന് പ്രതികാരത്തിനുള്ള അവസരം കൂടിയാണിത്.
എ.സി മിലാനെ 2-1ന് തോൽപിച്ച് (മൊത്തം സ്കോർ 3-1) എ.എസ് റോമയും സെമിയിലേക്ക് മുന്നേറി. ബെൻഫിക്കയെ 1-0ത്തിന് തോൽപിച്ചതോടെ മൊത്തം സ്കോർ 2-2ലെത്തിച്ച മാഴ്സലെ പെനാൽറ്റിയിൽ 4-2ന് ജയിച്ച് അവസാന നാലിലെത്തി. അതേസമയം, അറ്റ്ലാന്റയെ എതിരില്ലാത്ത ഒറ്റ ഗോളിന് തോൽപിച്ചെങ്കിലും ആദ്യപാദത്തിൽ മൂന്ന് ഗോളിന് തോറ്റ ലിവർപൂൾ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.