മഡ്രിഡ്: ഈ സീസണിൽ വൻതുകയ്ക്ക് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലെത്തുന്നതിന് മുമ്പ് റോബർട്ട് ലെവൻഡോവ്സ്കിയുടെ മനസ്സുനിറയെ ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിനുവേണ്ടി കളിക്കാനുള്ള ആഗ്രഹമായിരുന്നു. കരിയറിൽ പലകുറി മഡ്രിഡിലേക്കെന്നു തോന്നിച്ച ചർച്ചകൾക്കൊടുവിൽ ആ കൂടുമാറ്റം സാക്ഷാത്കൃതമാവാതെ പോവുകയായിരുന്നു.
ഒടുവിൽ റയലിന്റെ ബദ്ധവൈരികളായ ബാഴ്സലോണയുമായി ലെവൻഡോവ്സ്കി കരാർ ഒപ്പിട്ടതെന്തുകൊണ്ട്? 'എന്നെ ടീമിലെടുക്കാൻ ബാഴ്സലോണ അത്രയേറെ ആഗ്രഹിക്കുന്നുണ്ടെന്നത് തിരിച്ചറിഞ്ഞപ്പോൾ, മുമ്പ് റയൽ മഡ്രിഡുമായി നടത്തിയ കൂടുമാറ്റ ചർച്ചകളേക്കാൾ യാഥാർഥ്യബോധമുള്ളത് ഈ ട്രാൻസ്ഫറാണെന്ന് എനിക്ക് മനസ്സിലായി. സ്‍പെയിനിൽ ജീവിക്കുകയെന്നതും ലാ ലീഗയിൽ കളിക്കുകയെന്നതും എപ്പോഴും എന്റെ സ്വപ്നമായിരുന്നു. കായികമായി മാത്രമല്ല, വ്യക്തിപരമായും അതെന്നെ പ്രചോദിപ്പിച്ചിരുന്നു' -സ്പോർട് വണ്ണിനു നൽകിയ അഭിമുഖത്തിൽ ലെവൻഡോവ്സ്കി പറഞ്ഞു.
'മുമ്പ് റയലുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല' -പോളണ്ട് സ്ട്രൈക്കർ വെളിപ്പെടുത്തി. ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്മണ്ടിനും ബയേൺ മ്യൂണിക്കിനും കളിക്കുമ്പോഴും റയൽ മഡ്രിഡ് ലെവൻഡോവ്സ്കിക്ക് പിന്നാലെയുണ്ടായിരുന്നു. 2013ൽ താരത്തിന് റയൽ മുന്നോട്ടുവെച്ച കരാറിന്റെ കോപ്പി പിന്നീട് ഇന്റർനെറ്റിൽ പ്രചരിക്കുകയും ചെയ്തു. 2018ൽ ഒരു സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റയലിന് കളിക്കാനുള്ള ആഗ്രഹം ലെവൻഡോവ്സ്കി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.