മെസ്സി ഇറങ്ങാത്തതിൽ രാഷ്ട്രീയം? ടിക്കറ്റ് തുക പകുതി മടക്കിനൽകാമെന്ന് സംഘാടകർ

ഹോങ്കോങ്: ഹോങ്കോങ്ങിൽ സംഘടിപ്പിച്ച സൗഹൃദമത്സരത്തിന് പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്തവരെ നിരാശപ്പെടുത്തി ലയണൽ മെസ്സി കളിക്കാതിരുന്നത് യു.എസ്-ചൈന പോരിന്റെ തുടർച്ചയായി? തൊട്ടുപിറകെ ജപ്പാനിൽ ഇന്റർ മിയാമി പങ്കെടുത്ത പ്രദർശനമത്സരത്തിൽ താരം 30 മിനിറ്റ് കളിച്ചതോടെയാണ് ആരാധകരും അധികൃതരും ഒരുപോലെ പുതിയ ആരോപണവുമായി എത്തിയത്.

അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ചൈനയുടെ കീഴിലുള്ള ഹോങ്കോങ്ങിൽ കളിച്ചപ്പോൾ താരത്തെ ഇറക്കാതെ പ്രതികാരംവീട്ടുകയായിരുന്നുവെന്നാണ് ആക്ഷേപം. ചൈനയിൽ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസിൽ വന്ന എഡിറ്റോറിയലിൽ കായികത്തിനുമപ്പുറത്താണ് നടപടിയെന്ന് കുറ്റപ്പെടുത്തി. വിമർശനം കടുത്തതോടെ മാപ്പുപറഞ്ഞ് രംഗത്തെത്തിയ സംഘാടകരായ ടാറ്റ്ലർ ഏഷ്യ ഇന്റർ മിയാമി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. കരാർപ്രകാരം 45 മിനിറ്റ് മെസ്സി കളിക്കേണ്ടതായിരുന്നുവെന്നും ബുധനാഴ്ച ജപ്പാനിൽ താരം ഇറങ്ങുകകൂടി ചെയ്തത് മുഖത്തടിക്കുന്നതായെന്നും അവർ പറഞ്ഞു.

ഔദ്യോഗിക ചാനലുകൾ വഴി ടിക്കറ്റെടുത്തവർക്ക് 50 ശതമാനം റീഫണ്ടും ടാറ്റ്ലർ ഏഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അരലക്ഷം രൂപയിലേറെയായിരുന്നു ഒരു ടിക്കറ്റിന് നിരക്ക്. യു.എസുമായി കടുത്ത നയതന്ത്ര പോര് നിലനിൽക്കുന്നതിനിടെയാണ് മെസ്സിയുടെ ടീം ഹോങ്കോങ്ങിലും ജപ്പാനിലും മത്സരത്തിനെത്തുന്നതും മെസ്സി ഒന്നിൽ മാത്രം കളിക്കാതിരിക്കുന്നതും. പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം.

Tags:    
News Summary - Lionel Messi Hong Kong controversy: organiser offers ticket refunds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.