'ലയണൽ മെസ്സിയാണ് ഓർക്കസ്ട്രയുടെ ബോസ്'; താരത്തെ പുകഴ്ത്തി ആഴ്സീൻ വെംഗർ

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി ഫിഫ ഗ്ലോബൽ ഫുട്ബാൾ ഡെവലപ്മെന്‍റ് തലവനും മുൻ ഫ്രഞ്ച് ഫുട്ബാൾ മാനേജറുമായ ആഴ്സീൻ വെംഗർ.

ഓർക്കസ്ട്രയുടെ ബോസ് മെസ്സിയാണെന്നും താരത്തിന്‍റെ കൈവശം പന്ത് ലഭിക്കുമ്പോൾ സംഗീതം ആരംഭിക്കുമെന്നും മുൻ ആഴ്സണൽ പരിശീലകൻ കൂടിയായ വെംഗർ പറഞ്ഞു. ഞായറാഴ്ച ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് കലാശപ്പോരിന് തയാറെടുക്കുന്നതിനിടെയാണ് മെസ്സിയെ പ്രശംസിച്ച് വെംഗർ രംഗത്തെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ് എതിരാളികൾ.

ഇരുടീമുകളും മൂന്നാം ലോക കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ഇതുവരെ കൈവിട്ടുപോയ ഫുട്ബാളിലെ കനക കിരീടവും നേടി മെസ്സിക്ക് അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഖത്തറിലെ തന്റെ അതിവേഗ ഗെയിമിലൂടെ ടീമുകളെ നിലംപരിശാക്കാനുള്ള കഴിവ് 35 കാരനായ മെസ്സി വീണ്ടും കണ്ടെത്തിയെന്നും വെംഗർ പറയുന്നു.

'ഓർക്കസ്ട്രയുടെ ബോസ് മെസ്സിയാണ്. താരത്തിന്‍റെ കൈവശം പന്ത് ലഭിക്കുമ്പോൾ സംഗീതം ആരംഭിക്കും. ഓർക്കസ്ട്രയിലെ ബാക്കിയുള്ളവർ കഠിനാധ്വാനം ചെയ്യാൻ തയാറാണ്. ഈ ടൂർണമെന്റിൽ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, അവസരത്തിനൊത്ത് അതിവേഗ ഗെയിം കളിക്കാനുള്ള ശാരീരിക ശേഷി അദ്ദേഹം വീണ്ടെടുത്തു എന്നതാണ്. അവൻ ഒരിക്കലും അതിവേഗക്കാരനായിരുന്നില്ല, പക്ഷേ കളിയുടെ ഗതിയും വേഗതയും മാറ്റുന്നതിൽ അദ്ദേഹം ഒരു മാസ്റ്ററായിരുന്നു, ഈ ടൂർണമെന്റിൽ അദ്ദേഹം അത് വീണ്ടും കണ്ടെത്തി' -വെംഗർ പറഞ്ഞു.

ടൂർണമെന്‍റിലെ സുവർണപാദുകത്തിനുള്ള മത്സരത്തിൽ മെസ്സിക്കൊപ്പം അഞ്ചു ഗോളുഗളുമായി ഫ്രഞ്ച് സൂപ്പർതാരവും പി.എസ്.ജിയിലെ സുഹൃത്തുമായ കിലിയൻ എംബാപ്പെയും ഒപ്പമുണ്ട്. ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാകും ലുസൈൽ സ്റ്റേഡിയം സാക്ഷിയാകുക.

Tags:    
News Summary - Lionel Messi is the Boss of the Orchestra', Says Arsene Wenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.