മെസ്സി മാജിക്, വലകുലുക്കി സുവാരസും; ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ

മയാമി: സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്‍റെയും ചിറകിലേറി ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ക്വാർട്ടറിൽ. ഇരുവരും ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത രണ്ടാംപാദ പ്രീ ക്വാർട്ടറിൽ നാഷ് വില്ലയെ 3-1ന് തകർത്താണ് (ഇരുപാദങ്ങളിലുമായി 5-3) മയാമി അവസാന എട്ടിലെത്തിയത്.

റോബർട്ട് ടെയ്‍ലറും മയാമിക്കായി വലകുലുക്കി. സാം സുറിഡ്ജിന്‍റെ വകയായിരുന്നു നാഷ് വില്ലെയുടെ ആശ്വാസ ഗോൾ. ആദ്യ 23 മിനിറ്റിനിടെ രണ്ടു തവണ എതിരാളികളുടെ വലയിൽ പന്തെത്തിച്ച് മയാമി മത്സരത്തിൽ വ്യക്തമായ ലിഡെടുത്തിരുന്നു. എട്ടാം മിനിറ്റിൽ യുറുഗ്വായ് താരം സുവാരസാണ് ആദ്യം വലകുലുക്കിയത്. മെസ്സിക്കൊപ്പം ചേർന്നുള്ള നീക്കമാണ് ഗോളിലെത്തിയത്. 23ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. ഗോളിന് വഴിയൊരുക്കിയത് ഗീഗോ ഗോമസും.

രണ്ടാം പകുതി അഞ്ച് മിനിറ്റ് പിന്നിടുന്നതിനിടെ മെസ്സിയെ പിൻവലിച്ചു. പകരക്കാരനായി ടെയ്‍ലർ കളത്തിലെത്തി. 63ാം മിനിറ്റിൽ സുവാരസിന്‍റെ ക്രോസിൽ താരം ഹെഡ്ഡറിലൂടെ വലകുലുക്കുകയും ചെയ്തു. ഇൻജുറി ടൈമിലാണ് (90+3) സാം നാഷ് വില്ലെയുടെ ആശ്വാസ ഗോൾ നേടുന്നത്. ഒന്നാം പാദത്തിൽ ഇൻജുറി ടൈമിൽ സുവാരസ് നേടിയ ഗോളിലാണ് ഇന്റർ മയാമി തോൽവിയിൽനിന്ന് രക്ഷപ്പെട്ടത്.

90+5-ാം മിനിറ്റിലാണ് സുവാരസ് സമനില ഗോൾ നേടിയത്. 52-ാം മിനിറ്റിൽ മെസ്സിയും മയാമിക്കുവേണ്ടി ഗോൾ നേടിയിരുന്നു. ജേക്കബ് ഷഫെൽബർഗിന്റെ ഇരട്ടഗോളുകളിലാണ് നാഷ്‌വിൽ മുന്നിൽക്കയറിയത്. മയാമി ക്വാർട്ടറിൽ സി.എഫ് മോന്‍റൊറേ-എഫ്.സി സിൻസിനാറ്റി മത്സരത്തിലെ വിജയികളെ നേരിടും.

Tags:    
News Summary - Lionel Messi, Luis Suárez score goals as Inter Miami defeats Nashville SC in Champions Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.