ബ്യൂണസ് ഐറിസ്: ഇക്വഡോറിനെ തകർത്ത് സെമി ഫൈനൽ പ്രവേശം നേടിയതിന് പിന്നാലെ പ്രതികരണവുമായി അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. രണ്ട് അസിസ്റ്റുകളും ഒരു ഫ്രീകിക്ക് ഗോളുമായി മെസ്സി നിറഞ്ഞാടിയ മത്സരത്തിൽ ഇക്വഡോറിനെ അർജന്‍റീന എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്തിരുന്നു.
മത്സരശേഷം മെസ്സി പ്രതികരിച്ചതിങ്ങനെ: "വളരെ കടുപ്പമേറിയ മത്സരമായിരുന്നു. എതിരാളികൾ സൃഷ്ടിക്കുന്ന മത്സരത്തെക്കുറിച്ച് നമുക്കറിയാം. ആദ്യ ഗോൾ നേടുന്നത് വരെ ഞങ്ങൾ നന്നായി പൊരുതി, പിന്നീട് അൽപ്പനേരത്തേക്ക് മത്സരം മന്ദഗതിയിലായിരുന്നു. പക്ഷെ പ്രധാനപെട്ട വസ്തുത ഞങ്ങൾ ഒരു പടി കൂടെ മുന്നേറിയിരിക്കുന്നു എന്നതാണ്."
"ഞങ്ങളെപ്പോഴും പൊരുതാൻ ശ്രമിക്കുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾക്കതിന് കഴിയാതെയാകുന്നുണ്ട്. മൈതാനങ്ങളുടെ അവസ്ഥ ആശാവഹമല്ല. നിർണായകമായ മത്സരമാണ് ഞങ്ങൾ കളിച്ചത്. ഞങ്ങളുടെ വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അവസാന നാലിൽ എത്തുക എന്നത്. അടുത്ത കളിക്ക് സമയം ശേഷിക്കുന്നതിനാൽ ഇപ്പോൾ ഞങ്ങൾ ഒരൽപ്പം വിശ്രമം എടുക്കുകയാണ്"
"ഞാനെപ്പോഴും പറയാറുണ്ട്, വ്യക്തിഗത അവാർഡുകൾക്ക് രണ്ടാം സ്ഥാനം ഉള്ളൂ. ഞങ്ങൾ ഇവിടെ എത്തിയത് മറ്റൊരു സുപ്രധാന കാര്യത്തിനാണ്. ഞങ്ങളെല്ലാം കുടുംബത്തിൽ നിന്ന് വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി, അതൊന്നും ബാധിക്കാതെ നമ്മുടെ സംഘം നടത്തുന്ന കഠിനപ്രയത്നത്തെ അഭിനന്ദിക്കാൻ ഞാൻ താൽപര്യപ്പെടുന്നു. ഞങ്ങൾക്കൊരു ലക്ഷ്യമുണ്ട്, ഞങ്ങളതിനെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നു". ജൂലൈ 7നാണ് കൊളംബിയ-അർജന്‍റീനയുടെ സെമിഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.