ലോകകപ്പ് കിരീടനേട്ടം ആഘോഷമാക്കിയ നാളുകൾക്കൊടുവിൽ അർജന്റീനയിൽനിന്ന് തിരിച്ചെത്തിയ ലയണൽ മെസ്സി ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചപ്പോൾ പി.എസ്.ജിക്ക് ആധികാരിക ജയം. ലീഗ് വണ്ണിൽ അവസാനക്കാരായ എയ്ഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് തകർത്തുവിട്ടത്.
മെസ്സി തുടക്കമിട്ട നീക്കത്തിൽ നോർഡി മുകിയേലയുടെ അസിസ്റ്റിൽ ഹ്യുഗോ എകിറ്റികെയാണ് പി.എസ്.ജിയെ മുന്നിലെത്തിച്ച് ആദ്യ ഗോളടിച്ചത്. അഞ്ചാം മിനിറ്റിൽ പെനാൽറ്റി ബോക്സിലെത്തിയ പി.എസ്.ജി നീക്കത്തിനൊടുവിൽ പന്ത് കാലിലെടുത്ത മെസ്സി അതിവേഗം മുകിയേലക്ക് കൈമാറുകയായിരുന്നു. എതിരാളിക്ക് അവസരം നൽകാതെ വൺ ടച്ചിൽ എകിറ്റികെ വലയിലാക്കുകയും ചെയ്തു.
ഗോൾവീണ ആഘാതത്തിലായ എയ്ഞ്ചേഴ്സിനെ നിലംതൊടാൻ അനുവദിക്കാതെ കളിച്ച പാരിസുകാർക്കായി രണ്ടാം പകുതിയുടെ 72ാം മിനിറ്റില മെസ്സി ലീഡുയർത്തി. ഇത്തവണയും തുടക്കമിട്ടത് മെസ്സി തന്നെ. മുകിയേല- എകിറ്റികെ കൂട്ടുകെട്ടിൽ പെനാൽറ്റി ബോക്സിലെത്തിയ പന്ത് മെസ്സി വലയിലെത്തിച്ചു. കരിയറിലെ എട്ടാം ഗോളുമായി ആഘോഷത്തിനൊരുങ്ങിയ താരത്തിനു മുന്നിൽ ഓഫ്സൈഡ് കൊടി പൊങ്ങിയത് ആധിയായെങ്കിലും ‘വാർ’ പരിശോധനയിൽ ഗോൾ വിളിയെത്തുകയായിരുന്നു. തൊട്ടുപിറകെ നെയ്മറും വല കുലുക്കിയത് ശരിക്കും ഓഫ്സൈഡായി. പോയിന്റ് നിലയിൽ ആറു പോയിന്റ് മേൽക്കൈയുമായി പി.എസ്.ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ലെൻസ്, സ്ട്രാസ്ബർഗിനെതിരെ 2-2ന് സമനിലയിൽ കുരുങ്ങി.
ലോകകപ്പ് കഴിഞ്ഞ് അർജന്റീനയിലെത്തിയ മെസ്സിയും സംഘവും ജനുവരി ആദ്യത്തോടെ ക്ലബുകളിലേക്ക് മടങ്ങിയെത്തിയിരുന്നെങ്കിലും വൈകിയാണ് ഓരോ ടീമിലും കളി തുടങ്ങിയിരുന്നത്. മെസ്സിക്കിത് ആദ്യ മത്സരമായിരുന്നു. മുഴു സമയവും ഇറങ്ങിയ താരം തന്നെയാണ് പി.എസ്.ജി ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. താരത്തിന്റെ സാന്നിധ്യം ടീമിന്റെ നീക്കങ്ങൾക്ക് ഇരട്ടി വേഗം പകരുന്നതായി മത്സര ശേഷം കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.