മെസ്സിയും ക്രിസ്റ്റ്യാനോയും സൗദിയിൽ വീണ്ടും ഏറ്റുമുട്ടുമോ..‍?

റിയാദ്: ലോക ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവർ തമ്മിൽ നേർക്ക് നേരെ ഏറ്റുമുട്ടുമ്പോഴെല്ലാം ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. അത്തരം ഒരു പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുകയാണ് സൗദിയിൽ.

മെസ്സിയുടെ ഇന്റർ മയാമിയും റൊണാൾഡോയുടെ അൽ നസ്റും തമ്മിൽ റിയാദ് സീസൺ കപ്പിലാണ് ഏറ്റുമുട്ടുക. ഇത് സംബന്ധിച്ച് റിയാദ് സീസൺ കപ്പിന്റെ ഭാരവാഹികളാണ് വിവരങ്ങൾ പുറത്തുവിട്ടത്. 2024 ഫെബ്രുവരി 24 നാണ് മത്സരം നടക്കുക. 

അതേസമയം, ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്റർ മയാമി വാർത്ത നിഷേധിച്ചു. ഇന്റർ മയാമി റിയാദ് സീസൺ കപ്പ് കളിക്കുമെന്ന് വാർത്ത തെറ്റാണെന്ന് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വെളിപ്പെടുത്തി. ഇന്റർമയാമി അവരുടെ ഭാഗം വ്യക്തമാക്കിയത് കൊണ്ട് ഇതും അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തു. എന്നാൽ വീണ്ടും കാര്യങ്ങളിൽ അവ്യക്തത സൃഷ്ടിച്ച് ഇന്റർമയാമി ആ പ്രതികരണം അവരുടെ വൈബ് സൈറ്റിൽ നിന്ന് നീക്കി. അതോടെ കളി നടക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ ഇന്റർമയാമിയും അൽ നസ്റും ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക അറിയിപ്പ് നൽകും വരെ അവ്യക്തത നിലനിൽക്കും.

ഈ വർഷം ജനുവരിയിലാണ് ഇരുവരും അവസാനമായി നേർക്ക് നേർ വന്നത്. സൗദി പ്രൊ ലീഗ് ഓൾ സ്റ്റാർസും പി.എസി.ജിയും തമ്മിലുള്ള മത്സരത്തിലായിരുന്നു കളിത്തിലിറങ്ങിയത്. 5-4ന് പി.എസ്.ജിക്കായിരുന്നു വിജയം. റൊണാൾഡോ രണ്ടും മെസ്സി ഒരു ഗോളും നേടി.

ഇരു താരങ്ങളും 36 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 16 വിജയങ്ങള്‍ മെസ്സി നേടിയപ്പോള്‍ റൊണാള്‍ഡോ 11 വിജയങ്ങള്‍ നേടി. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു. മെസ്സി 22 ഉം റൊണാള്‍ഡോ 21 ഗോളുകളുമാണ് അടിച്ചുകൂട്ടിയത്. 

Tags:    
News Summary - Lionel Messi vs Cristiano Ronaldo 'last dance' as Inter Miami face Al Nassr in Riyadh Season Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.