ലണ്ടൻ: വസന്തത്തിനിപ്പുറം ഒരു വരണ്ട വേനലുണ്ടെന്ന് പറയുന്നത് ഇതിനാകുമോ?. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ പടർന്നുകയറി ഇംഗ്ലണ്ടിലാകെ ചുവന്ന വസന്തം വിരിയിച്ച ലിവർപൂളിന് ഇക്കുറി കഷ്ടകാലം തീരുന്നില്ല. മേഴ്സിസൈഡ് ഡെർബിയിൽ അയൽക്കാരായ എവർട്ടണിനോടേറ്റ 2-0ത്തിന്‍റെ തോൽവിയോടെ നാണക്കേടിന്‍റെ ഒരുപിടി റെക്കോർഡുകളും ലിവർപൂളിന്‍റെ പേരിലായി.
പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിട്ടുനിന്നാണ് ലിവർപൂൾ എവർട്ടണോടും കീഴടങ്ങിയത്. മൂന്നാംമിനുറ്റിൽ റിച്ചാർലിസന്‍റെ ഗോളിൽ മുന്നിൽക്കയറിയ എവർട്ടണ് തുണയായി 83ാം മിനുറ്റിൽ ഗിൽഫി സിഗുറോസന്‍റെ പെനൽറ്റിഗോളുമെത്തി. പെനൽറ്റി സാധ്യത 50-50 ആയ അവസരത്തിൽ റഫറി എവർട്ടണൊപ്പം നിന്നതോടെ എവർട്ടൺ കാലങ്ങളായി കാത്തിരുന്ന വിജയമെത്തുകയായിരുന്നു.
1999ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ എവർട്ടൺ വിജയമണിയുന്നത്. എവർട്ടണോട് തോൽക്കാത്ത 22 മത്സരങ്ങളുടെ റെക്കോർഡും ലിവർപൂളിന് നഷ്ടമായി. ആൻഫീൽഡിൽ തുടർച്ചയായി നാലുമത്സരങ്ങളിൽ ലിവർപൂൾ തോൽവിയറിയുന്നത് 1923ന് ശേഷം ആദ്യമായാണെന്ന് അറിയുേമ്പാഴാണ് ലിവർപൂൾ പതനത്തിന്‍റെ ആഴമറിയുക.
ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഷിനെതിരെ വിജയിച്ച ശേഷമാണ് പ്രീമിയർലീഗിലെത്തുേമ്പാൾ ലിവർപൂളിന് വീണ്ടും ചുവട് പിഴക്കുന്നത്. 2003ന് ശേഷം മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ആൻഫീൽഡിൽ വിജയിച്ചിട്ട് ദിവസങ്ങളാകുന്നതേയുള്ളൂ. എന്തായാലും കോച്ച് യുർഗൻ േക്ലാപ്പ് എതിരാളികളോട് ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും പറയുന്ന 'വെൽക്കം ടു ആൻഫീൽഡ്' ഇനി പറയാനിടയില്ല. 25 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 40 പോയന്‍റുമായി ആറാമതാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.