ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ടീം നാപ്പോളിയോട് തകർന്നടിഞ്ഞ് ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു യുർഗൻ ക്ലോപ്പിന്റെ ടീം പരാജയമറിഞ്ഞത്. പരിതാപകരമായ പ്രതിരോധമാണ് ഇംഗ്ലീഷ് വമ്പന്മാർക്ക് തിരിച്ചടിയായത്. അഞ്ചാം മിനിറ്റിൽ സീലിൻസ്കിയുടെ പെനാൽറ്റി ഗോളിൽ അക്കൗണ്ട് തുറന്ന നാപ്പോളിക്കായി 31ാം മിനിറ്റിൽ ആഡ്രെ സാംബൊ ലീഡ് ഇരട്ടിയാക്കി. 44ാം മിനിറ്റിൽ ജിയോവാനി സിമിയോണി മൂന്നാം ഗോളടിച്ചപ്പോൾ 47ാം മിനിറ്റിൽ സീലിൻസ്കി വീണ്ടും ഗോളടിച്ച് പട്ടിക പൂർത്തിയാക്കി. 49ാം മിനിറ്റിൽ ലൂയിസ് ഡയസ് ആണ് ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് റെഡ്സിന് ഇതുവരെ ജയിക്കാനായത്. അതിന്റെ തുടർച്ച തന്നെയായിരുന്നു ചാമ്പ്യൻസ് ലീഗിലും.
മറ്റൊരു മത്സരത്തിൽ പുതുതായി ടീമിലെത്തിയ ബ്രസീലിയൻ ഫോർവേഡ് റിച്ചാർലിസന്റെ ഇരട്ട ഗോൾ മികവിൽ ടോട്ടനം മറുപടിയില്ലാത്ത രണ്ട് ഗോളിന് ഒളിമ്പിക് മാഴ്സെയെ തോൽപിച്ചു. 76, 81 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇന്റർമിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും വിജയം ആഘോഷിച്ചു. ലിറോയ് സാനെയുടെ ഗോളും ഇന്റർ താരം ഡാനിലോയുടെ സെൽഫ് ഗോളുമാണ് ജർമൻ വമ്പന്മാർക്ക് തുണയായത്.
സൂപ്പർ താരം കെയ്‍ലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിൽ പി.എസ്.ജി ഒന്നിനെതിരെ രണ്ട് ഗോളിന് യുവന്റസിനെ തോൽപിച്ചപ്പോൾ ലെവൻഡോസ്കിയുടെ ഹാട്രിക് മികവിൽ ബാഴ്സലോണ ഒന്നിനെതിരെ അഞ്ച് ഗോളിന് വിക്ടോറിയ പ്ലസനെ തകർത്തു. മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിസ് ഒന്നിനെതിരെ രണ്ട് ഗോളിന് പോർട്ടോയെ തോൽപിച്ചു. മാരിയോ ഹെർമോസൊയും അന്റോണിയൻ ഗ്രീസ്മാനുമാണ് അതിലറ്റിക്കോക്കായി ഗോളടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.