ലണ്ടൻ: നോക്കൗട്ട് റൗണ്ടിലെത്തിയ ചാമ്പ്യൻസ് ലീഗിൽ ഇനി തീപാറും പോരാട്ടങ്ങൾ. കഴിഞ്ഞ സീസൺ കലാശപ്പോരിന്റെ തനിയാവർത്തനമായി റയൽ മഡ്രിഡ് പ്രിമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനെ നേരിടുമ്പോൾ മറ്റൊരു ഗ്ലാമർ പോരാട്ടത്തിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജി ബുണ്ടസ് ലിഗയിൽ ഒമ്പതുതവണ തുടർച്ചയായി കിരീടം പിടിച്ച ബയേൺ മ്യൂണിക്കുമായി മുഖാമുഖം വരും. ഇതോടെ, നാലു കരുത്തരിൽ രണ്ടു പേർ നേരത്തെ മടങ്ങുമെന്നുറപ്പായി. ബയേണും റയലും ഗ്രൂപ് ചാമ്പ്യന്മാരെന്ന നിലക്ക് സീഡ് ചെയ്യപ്പെട്ട ടീമുകളായി ഇടംപിടിച്ചപ്പോൾ ലിവർപൂളും പി.എസ്.ജിയും രണ്ടാമന്മാരായാണ് നോക്കൗട്ടിലെത്തിയത്. ഇതോടെയാണ് അപ്രതീക്ഷിതമായി വമ്പൻ പോരാട്ടങ്ങൾ നേരത്തെയായത്. നിയോണിൽ തിങ്കളാഴ്ചയായിരുന്നു നോക്കൗട്ട് മത്സരങ്ങളുടെ നറുക്കെടുപ്പ്. അവസാന നാലു സീസണിൽ മൂന്നാം തവണയാണ് പി.എസ്.ജി- ബയേൺ പോരാട്ടം നേരത്തെ എത്തുന്നത്.
ചാമ്പ്യൻസ് ലീഗിൽ മിക്കവാറും സീസണുകളിലും നോക്കൗട്ട് കളിച്ച ബാഴ്സലോണ ഇത്തവണ നേരത്തെ മടങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലാ ലിഗ ടീമായ അറ്റ്ലറ്റികോ മഡ്രിഡ് എന്നിവയും യോഗ്യതക്കരികെ മടക്കടിക്കറ്റ് ലഭിച്ചവരാണ്. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രീക്വാർട്ടർ ഹോം, എവേ മത്സരങ്ങൾ. ക്വാർട്ടർ ഏപ്രിലിലും ഫൈനൽ ജൂൺ 10നും നടക്കും.
ഗ്രൂപ് എച്ചിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് അവസാന മത്സരത്തിനിറങ്ങിയ പി.എസ്.ജി ജയവുമായി മടങ്ങിയിട്ടും ബെൻഫിക്ക ഗ്രൂപ് ചാമ്പ്യന്മാരായതോടെ കരുത്തരായ ഏതെങ്കിലും ടീം എതിരാളികളായി വരുമെന്ന് ഉറപ്പായിരുന്നു. ഇതാണ് നറുക്കെടുപ്പിൽ സാദിയോ മാനെ സംഘത്തെ മുന്നിൽ വെച്ചുനൽകിയത്. പി.എസ്.ജിക്ക് ഇതുവരെയും ചാമ്പ്യൻസ് ലീഗിൽ കപ്പുയർത്താനായിട്ടില്ല. 2019/20 സീസണിൽ മൂന്നാം സ്ഥാനക്കാരായത് മാത്രമാണ് സമീപകാലത്തെ മികച്ച റെക്കോഡ്. ഇത്തവണ നേരത്തെ ബയേൺ കാലുകളിൽ മെസ്സി- നെയ്മർ- എംബാപ്പെ ത്രയം ഒതുങ്ങിപ്പോകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ 10 സീസണിലും പി.എസ്.ജി ഗ്രൂപ് ഘട്ടം കടന്നിട്ടുണ്ട്. എന്നാൽ, ക്വാർട്ടറിനപ്പുറത്തേക്ക് രണ്ടു തവണ മാത്രമായിരുന്നു പ്രവേശനം.
ഇത്തവണ പക്ഷേ, സമാനതകളില്ലാത്ത ആക്രമണവും മിഡ്ഫീൽഡും പി.എസ്.ജിയെ കിരീടത്തിലെത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ഫ്രഞ്ചു ആരാധകപ്പട. മറ്റു ടീമുകളിലായി മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടം തൊട്ടവരാണ് മെസ്സിയും നെയ്മറും. ചാമ്പ്യൻപട്ടം പിടിക്കാനായാൽ എംബാപ്പെക്കു കൂടി അതിന് അവകാശിയാകാനാകും.
എർലിങ് ഹാലൻഡ് കൂടി മുന്നേറ്റത്തിലെത്തിയ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഇത്തവണ ഫാവറിറ്റുകൾ. ഏറ്റവും കടുത്ത ഗ്രൂപിൽ ഒന്നാമന്മാരായി എത്തിയ ബയേണിനും സാധ്യത കൽപിക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.