പ്രിമിയർ ലീഗിൽ ഏതു കൊലകൊമ്പന്മാരും മുട്ടുവിറച്ച കാൽപന്തിന്റെ രാജകുമാരന്മാരായിരുന്നു അടുത്തുവരെയും അവർ. എന്നാലിപ്പോൾ, ആർക്കും വീഴ്ത്താവുന്ന, ഏതു മടയിലും ചെന്ന് തോൽവി ഇരന്നുവാങ്ങുന്നവരായി മാറിയിരിക്കുന്നു ഇരുവരും. പോയിന്റ് നിലയിൽ ആദ്യ നാലിൽ പോയിട്ട് പരിസരത്തുപോലും നിലനിൽപ് അപകടത്തിലായവർ. ഇരുവരും തമ്മിൽ ഇന്ന് മുഖാമുഖം വരുമ്പോൾ ഇംഗ്ലീഷ് ലീഗിൽ വലിയ ആധികളൊന്നുമില്ല, യുർഗൻ ക്ലോപിനും ഗ്രഹാം പോട്ടർക്കുമൊഴികെ.
സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ. പോയിന്റ് പട്ടികയിൽ ഒമ്പതും 10ഉം സ്ഥാനത്തുള്ളവർ. അവസാന ലാപ്പിലെ കുതിപ്പുമായി മുന്നോട്ടെത്താമെന്ന കണക്കുകൂട്ടലുകൾ ഏതാണ്ട് അവസാനിച്ചതിനാൽ പോരാട്ടം തീപാറുമെന്ന പ്രതീക്ഷയൊന്നുമില്ല. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി ഇരു ടീമുകൾക്കും 19 പോയിന്റ് അകലമുണ്ട്. ലിവർപൂൾ ഒരു കളി കുറച്ചാണ് കളിച്ചതെന്നതു മാത്രമാണ് ഏക ആനുകൂല്യം. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ സമനിലയായിരുന്നു ഫലം. എന്നാൽ, ഷൂട്ടൗട്ടിലേക്കു നീണ്ട എഫ്.എ കപ്പ്, കരബാവോ കപ്പ് ഫൈനലുകളിൽ ലിവർപൂൾ കപ്പുമായി മടങ്ങി.
ഫോം മങ്ങി, സാധ്യതകൾ കുറഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ ഇരു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ശരിക്കും നോക്കൗട്ട് ആയാണ് ആരാധകർ മത്സരത്തെ കാണുന്നത്. കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ ചാമ്പ്യൻസ് ലീഗ്, പ്രിമിയർ ലീഗ് കിരീടങ്ങൾ കൈവിട്ടവരാണ് ലിവർപൂൾ. അതുകഴിഞ്ഞുള്ള നിലവിലെ സീസണിൽ പഴയ പ്രതാപത്തിന്റെ ആലസ്യത്തിലും. ചെൽസിയാകട്ടെ, തോമസ് ടുഷേലിനു കീഴിൽ 2021ൽ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായവരാണ്. പിന്നീടൊന്നും ടീമിന് ശരിയായിട്ടില്ല. ടുഷേലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ പരിശീലിപ്പിക്കാൻ വിളിച്ചിട്ടുണ്ടെങ്കിലും അവസാന 10 കളികളിൽ ടീം ജയിച്ചത് രണ്ടെണ്ണം മാത്രം.
പരിക്കാണ് ഇരു ടീമുകളെയും വലക്കുന്ന മറ്റൊരു പ്രശ്നം. വാർ ഡൈക്, റോബർട്ടോ ഫിർമിനോ എന്നിവർ ചെമ്പടക്കും റഹീം സ്റ്റെർലിങ്, എൻഗോളോ കോണ്ടെ എന്നിവർ നീലക്കുപ്പായത്തിലും നഷ്ടമാകും. അതേ സമയം, ഡാർവിൻ നൂനസ് തിരിച്ചെത്തുന്നത് ലിവർപൂളിന് ആശ്വാസമാകും.
കരിയറിൽ 1,000 ാം മത്സരമാണ് ലിവർപൂൾ കോച്ച് ക്ലോപിന്. മെയ്ൻസ്, ബൊറൂസിയ ഡോർട്മണ്ട് ടീമുകളെയായിരുന്നു മുമ്പ് പരിശീലിപ്പിച്ചത്.
നിരവധി പേരെ പുതുതായി ടീമിലെത്തിച്ച് കരുത്തുകൂട്ടാനുള്ള തത്രപ്പാടിലാണ് ചെൽസി. ശാക്തറിൽനിന്നെത്തിയ മിഖെയ്ലോ മുദ്രിക്, പി.എസ്.വിയുടെ നോനി മദുവേക എന്നിവർ ഏറ്റവുമൊടുവിൽ ടീമിലെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.