കോപ അമേരിക്ക ടൂർണമെന്റിൽ ഗോൾ നേടുന്ന പ്രായമേറിയ താരമായി ലൂയി സുവാരസ്. കോപ അമേരിക്കയിലെ ലൂസേഴ്സ് ഫൈനലിന്റെ ഇഞ്ചുറി ടൈമിൽ കാനഡക്കെതിരെ ഗോൾ നേടിയതോടെയാണ് സുവാരസ് നേട്ടം സ്വന്തമാക്കിയത്. 37 വയസും അഞ്ച് മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് സുവാരസ് കാനഡക്കെതിരെ ഗോൾ കണ്ടെത്തിയത്. ഉറുഗ്വായിക്ക് വേണ്ടിയും ഗോൾ നേടുന്ന പ്രായമായ താരവും സുവാരസ് തന്നെയാണ്.
ഇതിന് മുമ്പ് അർജന്റീനയുടെ ഏഞ്ചൽ ലാബ്രുനയായിരുന്നു കോപ അമേരിക്കയിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടി താരം. 37 വയസും 34 ദിവസവുമായിരുന്നു ഗോൾ നേടുമ്പോൾ ലാബ്രുനയുടെ പ്രായം. 1956 ജനുവരി 29ന് ചിലെക്കെതിരെയായിരുന്നു ഗോൾ.
മത്സരത്തിലെ ഗോളോടെ ലുയി സുവാരസ് ഗോൾനേട്ടം 69 ആക്കി ഉയർത്തിയിരുന്നു. 142ാം മത്സരങ്ങളിൽ നിന്നാണ് സുവാരസ് ഇത്രയും ഗോൾ കണ്ടെത്തിയത്. ഇതിന് മുമ്പ് 2022 മാർച്ച് 29ന് ചിലെക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു സുവാരസ് അവസാനമായി ഗോൾ നേടിയത്. ആ ഗോൾ ഉറുഗ്വായിയുടെ ജയത്തിന് വഴിയൊരുക്കുകയും ചെയ്തു.
കോപ അമേരിക്കയിലെ അത്യന്തം ആവേശം നീണ്ടുനിന്ന ലൂസേഴ്സ് ഫൈനലിൽ കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഉറുഗ്വായ് മൂന്നാം സ്ഥാനം നേടിയിരുന്നു . നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കാനഡക്കായി ആദ്യ കിക്കെടുത്ത ജോനാഥൻ ഡേവിഡ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ഉറുഗ്വായിക്കായി വാൽവെർഡെയും ആദ്യ കിക്ക് ഗോളാക്കി. ഇരു ടീമുകൾക്കായും രണ്ടാം കിക്കുകളെടുത്ത ബോംബിറ്റോക്കും ബെന്റാകൂറിനും പിഴച്ചില്ല. എന്നാൽ, കാനഡക്കായി മൂന്നാം കിക്കെടുത്ത കോനയുടെ ദുർബലമായൊരു ഷോട്ട് ഉറുഗ്വായ് ഗോളി തടഞ്ഞിട്ടു.
പിന്നീട് അരാസ്കേറ്റയിലൂടെ ഉറുഗ്വായ് ലീഡെടുക്കുകയും ചെയ്തു. കാനഡക്കായ് നാലാമത്തെ കിക്കെടുത്ത ചോനിയറിനും പിഴച്ചില്ല. ഉറുഗ്വായിക്കായി നാലാം കിക്കെടുത്ത സുവാരസ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. കാനഡക്കായി അഞ്ചാമത് കിക്കെടുക്കാനെത്തിയ ഡേവിസ് ജെയിംസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പോയതോടെ ഉറുഗ്വായ് ജയമുറപ്പിക്കുകയായിരുന്നു.
നേരത്തെ എട്ടാം മിനിറ്റിൽ ബെന്റാൻകൂറിലൂടെ ഉറുഗ്വോയിയാണ് ആദ്യം ഗോൾ നേടിയത്. 22ാം മിനിറ്റിൽ കാനഡ സമനില പിടിച്ചു. കോനയിലൂടെയായിരുന്നു ഗോൾ. കളിതീരാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ കാനഡ ലീഡെടുത്തു. 80ാം മിനിറ്റിൽ ഡേവിഡാണ് ഗോൾ നേടിയത്. മത്സരത്തിൽ കാനഡ വിജയമുറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സുവാരസ് ഉറുഗ്വായിയുടെ രക്ഷക്കെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.