ഫ്ലോറിഡ: യുറുഗ്വായ് സൂപ്പർതാരം ലൂയിസ് സുവാരസ് മേജർ സോക്കർ ലീഗ് (എം.എൽ.എസ്) ക്ലബായ ഇൻറർ മയാമിയുമായി കരാർ ഒപ്പിട്ടു. "മയാമിയുടെ സ്വപ്നത്തിലേക്ക് ലൂയിസ് സുവാരസിന് സ്വാഗതം " എന്ന അടിക്കുറിപ്പോടെ ഇന്റർ മയാമി എക്‌സിലാണ് വാർത്ത പങ്കുവെച്ചത്. സുവാരസ്, ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ ജേഴ്‌സി ധരിച്ച നാല് കുട്ടികളുടെ ചിത്രവും ക്ലബ് പോസ്റ്റ് ചെയ്തു. ഒമ്പതാം നമ്പർ ജഴ്സിയാണ് സുവാരസിന് സമ്മാനിച്ചത്.
"ഇന്റർ മിയാമിക്കൊപ്പം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കാൻ ഞാൻ തയാറാണ്."- എന്നായിരുന്നു സുവാരസ് കരാർ ഒപ്പിട്ട ശേഷം പറഞ്ഞത്.
സാക്ഷാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള സ്പാനിഷ് ക്ലബ് ബാഴ്‌സയിലെ തന്റെ പഴയ സഹതാരത്തിനൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ് സുവാരസിന് ലഭിക്കുന്നത്. മെസ്സിയുടെയും ബെക്കാമിന്‍റെയും ഇടപെടലാണ് നിർണായകമായത്. ബാഴ്സയിൽനിന്നു മെസ്സിക്ക് പിന്നാലെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സും ജോഡി അല്‍ബയും ഇന്റർമിയാമിയിൽ ചേർന്നിരുന്നു. നിലവിൽ ബ്രസീൽ ക്ലബായ ഗ്രമിയോയുടെ താരമാണ് സുവാരസ്.
ഈ സീസണില്‍ ഗ്രമിയോയില്‍ എത്തിയ സുവാരസ് 33 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ നേടുകയും 12 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർമിയാമി ക്ലബും യുറുഗ്വായ് മുന്നേറ്റതാരവും തമ്മിൽ വാക്കാൽ ധാരണയിലെത്തിയെന്ന് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഔദ്യോഗികമായി കരാർ ഒപ്പിടും. കരാർ തുകയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവാരസിനെ ക്ലബിലെത്തിക്കാൻ മിയാമി ഏറെനാളായി നീക്കം നടത്തുന്നുണ്ട്.
ബാഴ്സയിൽ മെസ്സിയും സുവാരസും ആറ് സീസണുകളില്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. 258 മത്സരങ്ങളാണ് ഇരുവരും കളിച്ചത്. 2021ല്‍ സുവാരസ് അത്ലലറ്റികോ മഡ്രിഡിലേക്കും മെസ്സി ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയിലേക്കും കൂടുമാറി. പിന്നാലെ സുവാരസ് ബ്രസീൽ ക്ലബിലും മെസ്സി മിയാമിയിലുമെത്തി. അരങ്ങേറ്റ സീസണില്‍ തന്നെ മിയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായി ലീഗ്സ് കപ്പ് കിരീടം മെസ്സിയുടെ കീഴില്‍ നേടാനും സാധിച്ചു.
ഗ്രമിയോയിൽ സുവാരസും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ലിവർപൂൾ, അജാക്സ് ക്ലബുകൾക്കുവേണ്ടിയും സുവാരസ് കളിച്ചിട്ടുണ്ട്. താരത്തിന്‍റെ വരവ് ക്ലബിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബെക്കാം ഉൾപ്പെടെയുള്ള ക്ലബ് ഉടമകളും ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.