യൂറോ കപ്പിൽ നിർണായക മത്സരത്തിൽ ഇറ്റലിയോട് ഇൻജുറി ടൈമിൽ സമനില വഴങ്ങിയതോടെ ക്രൊയേഷ്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ അവതാളത്തിലായി. മികച്ച മൂന്നാം സ്ഥാനക്കാരായി ക്രോട്ടുകൾക്ക് അവസാന പതിനാറിലെത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ അദ്ഭുതങ്ങൾ സംഭവിക്കണം.
ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിനും രണ്ടാം സ്ഥാനക്കാരായി ഇറ്റലിയുമാണ് നോക്കൗട്ട് ഉറപ്പിച്ചത്. ഇതിഹാസ മാധ്യനിര താരം ലൂക മോഡ്രിച്ചിലൂടെ 55ാം മിനിറ്റിൽ ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 98 മിനിറ്റുവരെ മുന്നിൽനിന്ന ക്രൊയേഷ്യ ഫൈനൽ വിസിലിന് സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് സമനില ഗോൾ വഴങ്ങുന്നത് അസൂറികൾക്കായി മാറ്റിക സക്കാഞ്ഞിയാണ് വിജയത്തോളം പോന്ന സമനില പിടിച്ചത്. 54ാം മിനിറ്റിൽ മോഡ്രിചിന്‍റെ പെനാൽറ്റി ഇറ്റാലിയൻ ഗോൾ കീപ്പർ സേവ് ചെയ്തിരുന്നു. മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ലൂക പ്രതികരിച്ചത്.
‘എന്നും കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ ബൂട്ടുകൾ അഴിച്ചുവെക്കേണ്ട ഒരു സമയം വന്നേക്കാം. ഞാൻ കളിക്കുന്നത് തുടരും, പക്ഷേ എത്ര നാളത്തേക്കെന്ന് അറിയില്ല’ -ലൂക മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകി. ക്രൊയേഷ്യയുടെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിലൊരാളാണ് റയൽ മഡ്രിഡിന്‍റെ മോഡ്രിച്. ക്രൊയേഷ്യക്കായി 178 മത്സരങ്ങൾ കളിച്ച താരം 26 ഗോളുകൾ നേടുകയും 29 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു പുറമെ, മൂന്നാം സ്ഥാനക്കാരായി മികച്ച നാലു ടീമുകൾക്കുകൂടി അവസാന പതിനാറിലെത്താനാകും. ഇറ്റലിക്കെതിരെയും അൽബേനിയക്കെതിരെയും സമനില വഴങ്ങിയ ക്രോട്ടുകൾക്ക് രണ്ടു പോയന്‍റാണുള്ളത്. ഗോൾ വ്യത്യാസം മൈനസ് മൂന്നാണ്. നാലു മത്സര ഫലങ്ങളെ ആശ്രയിച്ചാണ് അവരുടെ നോക്കൗട്ട് പ്രതീക്ഷകളുള്ളത്. ഇംഗ്ലണ്ട് സ്ലൊവേനിയയെ ചുരുങ്ങിയത് മൂന്നു ഗോളിനെങ്കിലും തോൽപിക്കണം. ഡെന്മാർക്ക് സെർബിയയെ പരാജയപ്പെടുത്തുകയോ അല്ലെങ്കിൽ സെർബിയ നാലു ഗോൾ വ്യത്യാസത്തിൽ ജയിക്കുകയോ വേണം. കൂടാതെ, പോർചുഗൽ ജോർജിയയെയും തുർക്കിയ ചെക്ക് റിപ്പബ്ലിക്കെയും തോൽപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.