മലപ്പുറത്തിനുമുണ്ട് ‘ലയണൽ മെസ്സി’; ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ

കൂട്ടായി (മലപ്പുറം): ലോകമെങ്ങു​മുള്ള ഫുട്ബാൾ ആരാധകരുടെ ഇഷ്ടതാരമാണ് അർജന്റീനക്കാരൻ ലയണൽ മെസ്സി. ലോകകപ്പടക്കം പ്രധാന കിരീടങ്ങളും എട്ടുതവണ ലോകത്തെ മികച്ച ഫുട്ബാളർക്കുള്ള ബാലൻ ഡി ഓറുമെല്ലാം കരിയറിന് അലങ്കാരമാരമാക്കിയ ഇതിഹാസ താരത്തോടുള്ള ആരാധകരുടെ സ്നേഹപ്രകടനം പുതുമയുള്ള കാര്യമല്ല. ഫുട്ബാളിനെ എക്കാലവും നെഞ്ചേറ്റുന്ന മലപ്പുറത്തുകാരുടെ മെസ്സി സ്നേഹത്തിന് മറ്റൊരു സാക്ഷ്യമാവുകയാണ് തിരൂരിനടുത്തുള്ള കൂട്ടായിയിലെ ഐതുന്റെ പുരക്കൽ മൻസൂർ. തനിക്ക് പിറന്ന കുഞ്ഞിന് മൻസൂർ നൽകിയ പേര് കേട്ടാൽ ആദ്യം ആരുമൊന്ന് അമ്പരക്കും. കാരണം മൻസൂർ-സഫീല നസ്റിൻ ദമ്പതികൾ തങ്ങളുടെ കുഞ്ഞുമകന് നൽകിയ പേര് ‘ലയണൽ​ മെസ്സി’ എന്നാണ്.

തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിലായിരുന്നു ‘ലയണൽ മെസ്സി’യുടെ ജനനം. ‘എ.പി ലയണൽ മെസ്സി’ എന്നെഴുതിയ ജനന സർട്ടിഫിക്കറ്റും അർജന്റീനയുടെ കുഞ്ഞു ജഴ്സിയണിഞ്ഞ ‘ലയണൽ മെസ്സി’യുടെ ചിത്രവുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെസ്സിയുടെ കടുത്ത ആരാധകനാണ് എ.പി മൻസൂർ. ഖത്തർ ലോകകപ്പിൽ മെസ്സിയും സംഘവും ലോക കിരീടമുയർത്തുമ്പോൾ സാക്ഷിയാകാൻ അദ്ദേഹം ഉണ്ടായിരുന്നു. ആഗസ്റ്റ് നാലിന് ആൺകുഞ്ഞ് പിറന്നപ്പോൾ മൻസൂറിന് മെസ്സിയെന്നല്ലാതെ മറ്റൊരു പേരും മനസ്സിൽ വന്നില്ല. പിന്തുണയുമായി സഫീല നസ്റിനും ഒപ്പം നിന്നു. പലരും കടുത്ത വിമർശനങ്ങളുമായി എത്തിയപ്പോൾ പിന്തുണക്കാൻ കൂട്ടുകാരുണ്ടായിരുന്നു. മകൻ വളർന്നു വലുതായ ശേഷം അവന് വേണമെങ്കിൽ പേര് മാറ്റാമെന്നാണ് മൻസൂറിന്റെ പക്ഷം. മികച്ച ഫുട്ബാൾ താരമായി മലപ്പുറത്തിന്റെ ‘ലയണൽ മെസ്സി’യെ വളർത്തിയെടുക്കണമെന്നും മൻസൂറിന് ആഗ്രഹമുണ്ട്. സൗദിയിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റിങ് സൂപ്പർവൈസറാണ് മൻസൂർ. താനൂരിലെ മാതാവിന്റെ വീട്ടിലാണ് ‘ലയണൽ മെസ്സി’ ഇപ്പോൾ കഴിയുന്നത്.

Tags:    
News Summary - Malappuram also has 'Lionel Messi'; Social media celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.