ഐ.എം. വിജയൻ, യു. ഷറഫലി, ടി. ഹമീദ്, റഫീഖ് ഹസൻ

ഒരുമിച്ച് കൈകൾ കോർത്തിക്കുറി, ഇവിടെ എന്തോർമകളെന്നോ....

മലപ്പുറം: 1992 മാർച്ച് ഏഴ് വൈകീട്ട് കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയം. സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളവും ബംഗാളും ഏറ്റുമുട്ടുന്നു. തുടർച്ചയായ നാലുതവണ ഫൈനലിൽ തോറ്റ കേരളത്തിനും മുൻ ജേതാക്കളായ ബംഗാളിനും ജീവന്മരണ പോരാട്ടം. തൊട്ട് മുമ്പത്തെ വർഷം വരെ കേരളത്തിന് വേണ്ടി കളിച്ച രണ്ടുപേർ, ഐ.എം. വിജയനും യു. ഷറഫലിയും ബംഗാൾ നിരയിൽ. ഇന്ത്യൻ താരങ്ങൾ നിറഞ്ഞ ടീം. വി.പി. സത്യൻ നയിച്ച മലയാളി സംഘത്തിൽ സി.വി. പാപ്പച്ചനുൾപ്പെടെയുള്ളവരും അണിനിരന്നു. നിശ്ചിത സമയത്ത് ഗോൾ നേടാൻ ഇരുടീമിനും ലഭിച്ച അവസരങ്ങൾ ഗോൾകീപ്പർ കെ.വി. ശിവദാസനും ദേബാഷിഷ് മുഖർജിയും മത്സരിച്ച് പരാജയപ്പെടുത്തി. കളി അധിക സമയത്തേക്ക്. ഫലം ഗോൾരഹിത സമനില തന്നെ.

ഫൈനലിസ്റ്റുകളെ കണ്ടെത്താൻ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടാവട്ടെ 3-3ൽ. സഡൻ ഡെത്ത് വേണ്ടി വന്നു. വിജയനോട് കിക്കെടുക്കാൻ ക്യാപ്റ്റൻ സന്ദീപ് ചാറ്റർജി നിർദേശിച്ചെങ്കിലും അദ്ദേഹം മടിച്ചു. നിർബന്ധത്തിന് വഴങ്ങി കിക്കെടുത്തു. ശിവദാസന്‍റെ ഒന്നാന്തരം സേവ്. അടുത്ത കിക്ക് ശിവദാസൻ തന്നെ എടുത്ത് ഗോളാക്കിയതോടെ കേരളം ഫൈനലിൽ. 19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം നേടിയാണ് തുടർച്ചയായ നാല് ഫൈനൽ തോൽവികളുടെ നിരാശയും കോയമ്പത്തൂരിലെ ജൈത്രയാത്രയും അവസാനിച്ചത്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. സന്തോഷ് ട്രോഫി ഫുട്ബാൾ മലപ്പുറത്ത് നടക്കുമ്പോൾ സംഘാടകരുടെ റോളിലാണ് ഷറഫലിയും വിജയനും. ഇവന്‍റ് കോഓഡിനേറ്ററാണ് ഷറഫലി. മലപ്പുറം എം.എസ്.പിയിൽ അസി. കമാൻഡൻറായ വിജയനും സംഘാടകനായി ഓടിനടക്കുന്നു.

അന്ന് കേരള ടീമിലുണ്ടായിരുന്ന മലപ്പുറത്തുകാരാണ് ടി. ഹമീദും റഫീഖ് ഹസനും. കേരളം-ബംഗാൾ പോരാട്ടം സ്വന്തം നാട്ടിൽ നടക്കുമ്പോൾ ഇരുവരും വലിയ ആവേശത്തിലാണ്. തിരുവനന്തപുരം ടൈറ്റാനിയത്തിൽ അസി. മാനേജറാണ് മലപ്പുറം കുന്നുമ്മൽ സ്വദേശിയായ ഹമീദ്. കേരള-ബംഗാൾ മത്സരം കാണാൻ തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തും.

വള്ളുവമ്പ്രമാണ് റഫീഖ് ഹസന്‍റെ ജന്മദേശം. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ടാണിപ്പോൾ. പയ്യനാട്ട് രാത്രി നടക്കുന്ന മത്സരത്തിന് ആവേശം പകരാൻ നാലുപേരും ഗാലറിയിലുണ്ടാവും. കേരള പൊലീസിൽനിന്ന് മോഹൻ ബഗാനിലേക്ക് മാറി അന്ന് ബംഗാളിന് വേണ്ടി കളിച്ച വിജയനും ഷറഫലിയും ഇന്ന് കേരളത്തിന് വേണ്ടി കൈയടിക്കും.

Tags:    
News Summary - Malappuram in Santosh Trophy excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.