ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനം വൈറൽ

റിയാദ്: കാൽപന്ത് കളിയുടെ കാമ്പറിഞ്ഞ് പ്രവാസി മലയാളി ഇംഗ്ലീഷിൽ കുറിച്ച് യുംന അജിൻ പാടിയ ലോകകപ്പ് ഗാനം വൈറൽ. റിയാദിൽ പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി നൗഫൽ പാലേരി പാട്ടെഴുതിയും സംവിധാനം ചെയ്തും അണിയിച്ചൊരുക്കിയ 'ഹോല ഖത്തർ' എന്ന ആൽബം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരങ്ങളാണ് നെഞ്ചേറ്റിയത്. മലയാളിയുടെ പ്രത്യേകിച്ച് മലബാറിന്റെ സിരകളെ ചൂടുപിടിപ്പിക്കുന്ന കാൽപന്ത് കളിയുടെ ആവേശം ജ്വലിക്കുന്നതാണ് നൗഫലിന്റെ വരികൾ.

അതിരറ്റ ആവേശത്തിൽ ബഹുവർണ പതാകകൾ ആകാശത്ത് പറക്കുന്നതുകണ്ട് ഹൃദയം കൊണ്ട് എഴുതിയ 'ഫ്ലാഗ് ആർ ഫ്ലയിങ് ഓൺ ദി സ്‌കൈ...' എന്ന വരിയിൽ തുടങ്ങുന്ന ഗാനവീചികൾ ഖത്തറിൽ ബൂട്ടണിയുന്ന താരങ്ങളുടെ പ്രകടനങ്ങളെയും ഇതെല്ലാം കണ്ട് ആഹ്ലാദിച്ച് ആകാശത്ത് നക്ഷത്രങ്ങളായി ജ്വലിച്ചുനിൽക്കുന്ന ഫുട്ബാൾ ഇതിഹാസങ്ങളായ ഡീഗോ മറഡോണയുടെയും പെലെയുടെയും ഓർമകളെയും തഴുകി ഒഴുകി പരക്കുന്നു.

ആ വരികൾ ഇങ്ങനെയാണ്... 'സ്റ്റാർസ് ആർ ഷൈനിങ് ഓൺ ദി സ്‌കൈ... ഫുട്ബാൾ ഈസ് ക്രേസി... ഫുട്ബാൾ ഈസ് ഇമോഷൻ... ഫുട്ബാൾ ഈസ് ബ്യൂട്ടി... ഫുട്ബാൾ ഈസ് മാജിക്...' ഫുട്ബാൾ മാന്ത്രികവും ഭ്രാന്തവും മനോഹരവുമായ വൈകാരികതയാണെന്നു പാടി മുന്നേറുന്ന വരികൾ അവസാനിക്കുന്നത് കാൽപന്ത് കളിയൊരു യുദ്ധമാണെന്നും കളിക്കുന്നവർ രാജ്യത്തിന്റെ പട്ടാളമെന്നും പറഞ്ഞുവെച്ചാണ്. നൗഫൽ സംവിധാനം ചെയ്ത് ഒരുക്കിയ ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് എൻ.എൻ. മുനീറാണ്.


കോഴിക്കോട് സ്വദേശികളായ ബാലതാരങ്ങൾ സയാൻ അഫ്‍ഹാമും ഹത്തിമ് മുബീറുമാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.'ഹലോ' എന്ന അഭിവാദ്യത്തിന് തുല്യമായ സ്പാനിഷ് ഭാഷയിലെ അഭിവാദ്യമാണ് 'ഹോല'. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഖത്തറിലെത്തുന്നവരെയും മത്സരങ്ങൾ വീക്ഷിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ തയാറെടുക്കുന്നവരെയും അഭിവാദ്യം ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മലപ്പുറം ജില്ലയിലെ തിരൂരിലും കണ്ണൂർ മുഴപ്പിലങ്ങാട്‌ കടൽത്തീരത്തും ചിത്രീകരിച്ച ആൽബത്തിന്റെ ജോലി പ്രവാസത്തിന്റ തിരക്കിനിടയിലാണ് നൗഫൽ പൂർത്തീകരിച്ചത്.പിന്നണി ഗായിക സയനോര ഫിലിപ്പിനെ കൊണ്ട് പാടിക്കാനാണ് ആദ്യം ഉദേശിച്ചിരുന്നത്. എന്നാൽ യുംന പാടിയ ഒരു ആൽബം കാണാനിടയായപ്പോൾ ഈ ഗായിക മതിയെന്നു തീരുമാനിക്കുകയായിരുന്നെന്ന് നൗഫൽ പറഞ്ഞു.നൗഫൽ പാലേരി റിയാദ് മുറബ്ബ ലുലു മാളിലെ അസി.ലോജിസ്റ്റിക് മാനേജറാണ്. 13 വർഷമായി ലുലുവിൽ ജോലിചെയ്യുന്ന നൗഫൽ അടിമുടി കലാകാരനാണ്.

നൗഫൽ പാലേരിയും കുടുംബവും യുംനയുടെ സെൽഫിയിൽ

നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത നൗഫൽ മഖ്ബൂൽ സൽമാൻ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഇതിവൃത്തമാക്കി പുറത്തിറക്കിയ 'തണൽ' എന്ന ആൽബവും ഹിറ്റായിരുന്നു. ആൽബം കാണാനിടയായ യൂസുഫലി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതും സഹപ്രവർത്തകരുടെ പ്രോത്സാഹനവും പ്രവാസതിരക്കിനിടയിലും കല കൈവിടാതെ മുന്നോട്ടുകൊണ്ടുപോകാൻ ഊർജം തരുന്നതായും നൗഫൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Malayali's World Cup song written in English goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.