ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനത്തിൽ പ്രിയ താരത്തെ ക്ലബിലെത്തിക്കാനായതിന്‍റെ ആശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. മൊറോക്കോയുടെ ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡര്‍ സുഫിയാൻ അമ്രബത്തിനെയാണ് യുനൈറ്റഡ് സ്വന്തമാക്കിയത്.
ഇറ്റാലിയന്‍ ക്ലബായ ഫിയൊറെന്‍റീന എഫ്.സിയില്‍നിന്ന് 90 കോടിയുടെ വായ്പാ കരാറിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. സീസണിന്‍റെ അവസാനം 180 കോടി നൽകിയാൽ താരത്തെ വാങ്ങാനുള്ള ഓപ്ഷനും യുനൈറ്റഡിന് മുന്നിലുണ്ട്.
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ സ്വപ്ന കുതിപ്പ് നടത്തിയ മൊറോക്കോയുടെ മധ്യനിരയിൽ മികച്ച പ്രകടനമാണ് അമ്രബത്ത് കാഴചവെച്ചത്. മൊറോക്കൻ ദേശീയ ജഴ്സിയിൽ താരം 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിന്‍റെ അണ്ടര്‍ 15 താരമായാണ് രാജ്യാന്തര കരിയര്‍ തുടങ്ങുന്നത്.
26കാരനായ അമ്രബത്ത് 2020 മുതൽ ഫിയൊറെന്‍റീനക്ക് ഒപ്പമുണ്ട്. ഹെല്ലാസ് വെറോണക്കായും താരം ഇറ്റലിയിൽ കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബത്തിനായി യുനൈറ്റഡ് രംഗത്തുണ്ടായിരുന്നു. ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതുകൊണ്ടാണ് യുനൈറ്റഡ് വായ്പാടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.