സന്നാഹത്തിൽ ബയേണിനെ വീഴ്ത്തി സിറ്റി..ജയം 2-1ന്

ടോക്കിയോ: യൂറോപ്യൻ ഫുട്ബാളിലെ കരുത്തുറ്റ കളിസംഘങ്ങൾ നേരങ്കം കുറിച്ച പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സമനിലയിലേ​ക്കെന്നുതോന്നിച്ച മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഐമറിക് ലാപോർത്തെ നേടിയ ഗോളാണ് സന്നാഹത്തിൽ വിജയഭേരി മുഴക്കാൻ മാഞ്ചസ്റ്ററുകാരെ തുണച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ജർമൻ ബുണ്ടസ്‍ലീഗ ജേതാക്കളായ ബയേൺ മ്യൂണിക്കും തമ്മിൽ ജപ്പാൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് സിറ്റി വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ തുടക്കത്തിൽ പന്തിന്മേൽ വ്യക്തമായ മേധാവിത്വം കാട്ടിയ മാഞ്ചസ്റ്ററുകാർ 21-ാം മിനിറ്റിലാണ് ലീഡ് നേടിയത്. റികോ ലൂയിസ് ബയേണിന്റെ ഗോൾ മുഖത്തേക്ക് നീട്ടിനൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ജർമൻ സംഘത്തിന് പിഴച്ചു. വീണ്ടും പന്തെടുത്ത ലൂയിസ്, ജൂലിയൻ ആൽവാരസിന് നൽകി. അർജന്റീന സ്ട്രൈക്കറുടെ ഷോട്ട് ഗോളി യാൻ സാമ്മർ ശ്രമകരമായി തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് ചെന്നുനിന്നത് ജെയിംസ് മക്ആറ്റീയുടെ കാലുകളിൽ. ക്ലോസ്റേഞ്ചിൽനിന്ന് പന്തിനെ വലയിലേക്ക് തള്ളിയ മക്ആറ്റീ ഇതാദ്യമായി സിറ്റിയുടെ ഫസ്റ്റ് ടീമിനുവേണ്ടി വല കുലുക്കി.

ഇരുനിരയും അവസരങ്ങൾ തുറന്നെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം ജാഗരൂകമായതോടെ ഗോൾ പിറക്കാതെപോയി. എർലിങ് ഹാലാൻഡ് ഉൾപെടെയുള്ളവരെ രണ്ടാം പകുതിയിൽ കളത്തിലിറക്കി ആക്രമണം കനപ്പിച്ചിട്ടും സിറ്റിക്ക് ലീഡുയർത്താനായില്ല. ഇതിനിടയിൽ 82-ാം മിനിറ്റിൽ ബയേൺ തുല്യത നേടി. ഇടതുവിങ്ങിൽനിന്ന് നിലംപറ്റെയെത്തിയ പാസിൽ മാത്തിസ് ടെൽ ആയിരുന്നു സ്കോറർ. ആദ്യം തൊടുത്ത ഷോട്ട് എഡേഴ്സൺ തടഞ്ഞിട്ടെങ്കിലും ​കൈപ്പിടിയിലൊതുങ്ങായ പോയ പന്തിനെ റീബൗണ്ടിൽ ടെൽ വലയിലേക്ക് പായിച്ചു.

സമനിലയെന്ന ആശ്വാസത്തിൽ കളി തുടർന്ന മ്യൂണിക്കുകാരെ നിരാശരാക്കി 87-ാം മിനിറ്റിൽ ലാപോർത്തെ വിജയഗോൾ കുറിച്ചു. ആദ്യത്തെ ശ്രമം ഉൾറീച്ച് തടഞ്ഞപ്പോൾ റീബൗണ്ടിൽ ലാപോർത്തെ പന്ത് വലയുടെ മേൽക്കൂരയിലേക്ക് തള്ളി. 

Tags:    
News Summary - Manchester City beat Bayern Munich 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.